Thursday, May 16, 2024
spot_img

കെ എസ് ആർ ടി സി പാറശ്ശാല ഡിപ്പോയിലെ മെക്കാനിക്കൽ യാർഡിൽ തൊഴിലാളികളുടെ ജീവന് ഭീഷണിയായി വെള്ളക്കെട്ട്; ഡിപ്പോയുടെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം ഊരാളുങ്കൽ സൊസൈറ്റിയും എം എൽ എ യും; കളിവള്ളമിറക്കി ബി എം എസിന്റെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി പാറശ്ശാല ഡിപ്പോയിൽ മഴക്കാലത്ത് മെക്കാനിക്കൽ യാർഡിലുള്ള ഇലക്ട്രിക് ഷോക്ക് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രതിഷേധ ധർണ്ണ നടത്തി. ഇത് കൂടാതെ, ബസുകൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാക്കുന്ന പാർക്കിംഗ് ഗ്രൗണ്ടിലെ കുഴികളും വെള്ളക്കെട്ടും പരിഹരിക്കണം, ഡിപ്പോ പരിസരത്ത് ഈരാളുങ്കലിന് വേസ്റ്റ് തട്ടിക്കൂട്ടാൻ അനുമതി നൽകിയവർക്കെതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധ ധർണ്ണ നടത്തിയത്. വെള്ളക്കെട്ടിൽ കളിവള്ളമിറക്കിയും ഊരാളുങ്കൽ തട്ടിക്കൂട്ടിയ മൺകൂനകളിൽ കപ്പ നട്ടും ജീവനക്കാർ പ്രതിഷേധിച്ചു. പ്രതിഷേധ ധർണ്ണ സംസ്ഥാന ഡപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി. നായർ ഉദ്ഘാടനം ചെയ്തു.

“ജീവനക്കാർ ഷോക്കേറ്റ് മരണം സംഭവിച്ചാലേ സർക്കാരും മാനേജ്മെൻ്റും കണ്ണ് തുറക്കൂ എന്ന രീതി അംഗീകരിക്കാൻ കഴിയില്ല. ദിവസവും ലക്ഷങ്ങൾ വരുമാനം കൊണ്ടുവരുന്നതിന് സഹായിക്കുന്ന മെക്കാനിക്കുകളെ മരണത്തിലേയ്ക്ക് തള്ളിവിടാനാവില്ല. ബസുകൾക്ക് ലക്ഷങ്ങൾ നഷ്ടമുണ്ടാകുന്ന വെള്ളക്കെട്ടിന് മാനേജ്മെൻ്റിനും സർക്കാരിനുമൊപ്പം പാറശ്ശാല പഞ്ചായത്തിനും എംഎൽഎക്കും പങ്കുണ്ട്. പഞ്ചായത്തിന് ലക്ഷങ്ങൾ പ്രൊഫഷണൽ ടാക്സ് നൽകുന്ന സ്ഥാപനമാണ് കെഎസ്ആർടിസി. പഞ്ചായത്ത് തിരിഞ്ഞു നോക്കുന്നില്ല. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കോൺക്രീറ്റ് ചെയ്യാൻ ഫണ്ട് അനുവദിക്കാം എന്ന് പാറശ്ശാല എംഎൽഎയും പറഞ്ഞിരുന്നു. എന്നാൽ വാക്ക് പാലിച്ചില്ല” എന്ന് പ്രദീപ് വി. നായർ പറഞ്ഞു.

ഊരാളുങ്കൽ മണ്ണ് തട്ടിക്കൂട്ടിയിരിക്കുന്ന കാരണം ഡീസൽ ടാങ്കിൽ വെള്ളം കയറുകയാണ്. ഇതിന് അനുവദിച്ചവർക്കെതിരെ നടപടി എടുക്കണം. ഈ പ്രക്ഷോഭം ഒരു തുടക്കം മാത്രമാണ്. പരിഹരിക്കുന്നതു വരെ തുടർ പ്രക്ഷോഭങ്ങളുമായി എംപ്ലോയീസ് സംഘ് മുന്നോട്ടു പോകുമെന്നും പ്രദീപ് പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് പി.കെ സുഹൃദ് കൃഷ്ണ, വർക്കിംഗ് പ്രസിഡൻറ് സി എസ് ശരത്, ജില്ലാ സെക്രട്ടറി എസ് ആർ അനീഷ്, ജോ. സെക്രട്ടറി എം പ്രമോദ് എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു. യുണിറ്റ് പ്രസിഡൻ്റ് കെ ആർ ഗോപകുമാർ, സെക്രട്ടറി പി ജി അഭിലാഷ്, ട്രഷറർ ജയചന്ദ്രൻ എന്നിവർ പ്രക്ഷോഭത്തിന് നേതൃത്വം നൽകി.

Related Articles

Latest Articles