Friday, May 3, 2024
spot_img

സൂക്ഷിച്ചോളൂ, വാട്സാപ്പ് പണിതരും

ന്യൂഡല്‍ഹി: വാട്‌സാപ്പ് വഴി വീഡിയോ വൈറസ് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം-ഇന്ത്യ (സി.ഇ.ആര്‍.ടി.)മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശേഷിയുള്ളതാണ് എംപി4 ഫയല്‍ (വീഡിയോ ഫയല്‍) രൂപത്തിലുള്ള വൈറസ്.

വൈറസാണെന്നു തിരിച്ചറിയാതെ വീഡിയോ ഡൗണ്‍ലോഡ് ചെയ്താല്‍ ഉപകരണങ്ങളെ ബാധിക്കും. അതിഗുരുതരസ്വഭാവമുള്ള ആക്രമണമാണിതെന്ന് സി.ഇ.ആര്‍.ടി. വ്യക്തമാക്കി. വാട്‌സാപ്പിന്റെ പുതിയ പതിപ്പുപയോഗിക്കുകയാണെങ്കില്‍ ഈ വൈറസിന്റെ ആക്രമണം തടയാനാകുമെന്ന് സി.ഇ.ആര്‍.ടി അറിയിച്ചു.ഇന്ത്യയിലെ ഇന്റര്‍നെറ്റ് സംവിധാനത്തിലുണ്ടാകുന്ന സുരക്ഷാവീഴ്ച, ഹാക്കിങ് എന്നിവ തടയുന്നതിന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് സി.ഇ.ആര്‍.ടി.

അതേസമയം, ആക്രമണം ഉപയോക്താക്കളെ ബാധിച്ചിട്ടില്ലെന്ന് വാട്‌സാപ്പ് വ്യക്തമാക്കി. സുരക്ഷ മെച്ചപ്പെടുത്തുന്നതിന് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് വാട്‌സാപ്പ് വക്താവ് അറിയിച്ചു.

ഇസ്രയേലി ചാരസോഫ്റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് നൂറിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സെപ്റ്റംബറില്‍ വാട്‌സാപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു സുരക്ഷാചോര്‍ച്ച കണ്ടെത്തുന്നത്.

Related Articles

Latest Articles