കൽപ്പറ്റ : കേരളത്തിലെ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള തർക്കം കോൺഗ്രസിനുള്ളിൽ സമാനതകളില്ലാത്ത ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുന്നു. ഹൈക്കമാൻഡ് ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനിരിക്കെ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ രൂക്ഷമായ ഭാഷയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടിയെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ശ്രമിച്ചാൽ വയനാട് അടുത്ത ‘അമേഠി’യായി മാറുമെന്ന കടുത്ത മുന്നറിയിപ്പാണ് പോസ്റ്ററുകളിലൂടെ അണികൾ നൽകുന്നത്.
വയനാട് ഡിസിസി ഓഫീസിന് സമീപം ഇംഗ്ലീഷിൽ പതിച്ചിട്ടുള്ള പോസ്റ്ററുകളിൽ കെ.സി. വേണുഗോപാലിനെതിരെ കടുത്ത പരിഹാസവും വിമർശനവുമാണ് ഉന്നയിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു ‘പെട്ടിയെടുപ്പുകാരൻ’ മാത്രമാണെന്നും, കേരളത്തിലെ ജനവികാരം മാനിക്കാതെ അദ്ദേഹത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ മലയാളി മാപ്പ് നൽകില്ലെന്നും പോസ്റ്ററുകളിൽ പറയുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തങ്ങൾ കേരളം സഹിക്കില്ലെന്നും വയനാട്ടിൽ നിന്ന് ഇനി ജയിക്കാമെന്ന് മോഹിക്കേണ്ടെന്നും തരത്തിൽ പോസ്റ്ററുകളിൽ പരാമർശമുണ്ട്.
യുഡിഎഫിന് ലഭിച്ച ഭരണത്തുടർച്ചയുടെ തിളക്കം കെടുത്തുന്ന രീതിയിലാണ് നിലവിലെ അധികാര വടംവലി. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർക്കായി അണികൾ ചേരിതിരിഞ്ഞ് പോരടിക്കുമ്പോൾ, ആരെ തിരഞ്ഞെടുത്താലും പാർട്ടിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന് ഉറപ്പായി. ഭൂരിഭാഗം എംഎൽഎമാരും കെ.സിയെ പിന്തുണയ്ക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് സതീശൻ-ചെന്നിത്തല പക്ഷങ്ങൾ പ്രകോപിതരായത്. ജനപിന്തുണയുള്ള പ്രാദേശിക നേതാക്കളെ തഴഞ്ഞ് ദില്ലിയിലിരുന്ന് കരുനീക്കം നടത്തുന്നവർക്ക് മുഖ്യമന്ത്രി പദം നൽകുന്നതിനോടുള്ള അമർഷമാണ് ഇപ്പോൾ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെയുള്ള പ്രതിഷേധമായി കൽപ്പറ്റയിൽ അണപൊട്ടിയത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒമ്പത് ദിവസമായിട്ടും കഴിയാത്ത കോൺഗ്രസിന്റെ കഴിവുകേടിനെതിരെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഭരണം കിട്ടിയിട്ടും അധികാരം പങ്കിടുന്നതിലെ തർക്കം കാരണം ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമാണ്. ഗ്രൂപ്പ് വൈരം തെരുവിൽ പോസ്റ്റർ യുദ്ധമായി മാറിയതോടെ, ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും കേരളത്തിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും വഴിമാറുമെന്നുറപ്പാണ്.

