ദില്ലി : രാജ്യത്തെ ഞെട്ടിച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാനിലെ സിക്കറിലുള്ള ഒരു ഹോസ്റ്റൽ ഉടമയും കെമിസ്ട്രി അദ്ധ്യാപകനും നൽകിയ വിവരങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയിലെ വൻ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നത്. പരീക്ഷാ പേപ്പർ ചോർന്നതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷ റദ്ദാക്കുകയും അന്വേഷണം സിബിഐക്ക് വിടുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിക്ക് ഒരു സുഹൃത്ത് അയച്ചുകൊടുത്ത ‘മോഡൽ ചോദ്യപേപ്പർ’ തന്റെ പിതാവിന് വാട്സാപ്പ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സിക്കറിൽ ഹോസ്റ്റൽ നടത്തുന്ന പിതാവ് ഈ ചോദ്യപേപ്പർ ഒരു അദ്ധ്യാപകനെ കാണിച്ചതോടെ, പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ഇതിൽ നിന്നാണെന്ന് ബോധ്യപ്പെട്ടു. 108 ചോദ്യങ്ങളിൽ 45 എണ്ണവും അതുപോലെതന്നെ വന്നതോടെ ചോദ്യപേപ്പർ ചോർന്നതായുള്ള സംശയം ബലപ്പെട്ടു.
ഇവർ എൻടിഎയ്ക്കും ഇന്റലിജൻസ് ബ്യൂറോയ്ക്കും നേരിട്ട് പരാതി നൽകിയതോടെയാണ് അന്വേഷണം ഊർജിതമായത്. അന്വേഷണത്തിൽ ഹരിയാനയിലെ ഒരു ആയുർവേദ വിദ്യാർത്ഥിയും മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള ശുഭം ഖൈർനാർ എന്ന യുവാവും ഉൾപ്പെട്ട വലിയൊരു ശൃംഖല തന്നെ ഈ തട്ടിപ്പിന് പിന്നിലുണ്ടെന്ന് കണ്ടെത്തി. ബിഹാർ, ആന്ധ്രാപ്രദേശ്, തെലങ്കാന, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഈ വ്യാജ ചോദ്യപേപ്പർ ലക്ഷങ്ങൾ വാങ്ങി കൈമാറിയതായാണ് സൂചന.
പരീക്ഷ റദ്ദാക്കിയതോടെ വിദ്യാർത്ഥികൾക്ക് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെങ്കിലും മാസങ്ങളോളം നീണ്ട തയാറെടുപ്പുകൾആവർത്തിക്കേണ്ടി വരും. പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.

