ദില്ലി : പശ്ചിമ ബംഗാളിൽ 15 വർഷത്തെ ഭരണം നഷ്ടമായതിന് തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലാപം രൂക്ഷമായി പിളർപ്പിലേക്ക്. മമത ബാനർജിയല്ല, തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ട് വിമത എംപിമാർ ദില്ലിയിൽ നിർണായക യോഗം ചേരുകയാണ്. വിമത നീക്കങ്ങൾക്ക് ദില്ലിയിൽ ചുക്കാൻ പിടിക്കുന്നത് ബിജെപി നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയാണ്. യഥാർത്ഥ ടിഎംസി തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് നാളെ ലോക്സഭാ സ്പീക്കർക്ക് ഔദ്യോഗികമായി കത്ത് നൽകാനാണ് ബിജെപി പിന്തുണയോടെയുള്ള വിമതരുടെ നീക്കം.
മമത ബാനർജിയുടെ അനന്തരവനും പാർട്ടിയുടെ നാഷണൽ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയിലേക്ക് പാർട്ടി അധികാരം പൂർണ്ണമായി കേന്ദ്രീകരിക്കുന്നതിലുള്ള ശക്തമായ പ്രതിഷേധമാണ് ഇപ്പോൾ പരസ്യമായ പിളർപ്പിൽ കലാശിച്ചിരിക്കുന്നത്.
നേരത്തെ പശ്ചിമ ബംഗാൾ നിയമസഭയിൽ 58 തൃണമൂൽ വിമത എംഎൽഎമാർ ചേർന്ന് പ്രത്യേക പ്രതിപക്ഷ ബ്ലോക്ക് രൂപീകരിക്കുകയും സ്പീക്കർ അതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഇതേ മാതൃക ലോക്സഭയിലും ആവർത്തിക്കാനാണ് വിമത എംപിമാരുടെ ഇപ്പോഴത്തെ നീക്കം. പാർട്ടിയിലെ ഈ കടുത്ത പ്രതിസന്ധിക്കിടെ വിമതരെയും പാർട്ടി നേതൃത്വവുമായി അകന്നുനിൽക്കുന്നവരെയും പൂർണ്ണമായി വെട്ടിനിരത്തിക്കൊണ്ട് മമത ബാനർജി തൃണമൂൽ കോൺഗ്രസ് പുനഃസംഘടിപ്പിച്ചു.
വിമത നീക്കങ്ങളിൽ പങ്കാളികളായ സായോനി ഘോഷ്, സുദീപ് ബന്ദോപാധ്യായ എന്നിവരെ തൽസ്ഥാനങ്ങളിൽ നിന്നും നീക്കിയ മമത, ദേശീയ വർക്കിംഗ് കമ്മിറ്റിയിലേക്ക് സൗഗത റോയിയെയും ജ്യോതിപ്രിയ മല്ലിക്കിനെയും ഉൾപ്പെടുത്തി. മഹുവ മൊയ്ത്ര, ബിമൻ ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ വർക്കിംഗ് കമ്മിറ്റി യോഗത്തിൽ വിർച്വലായി പങ്കെടുത്തു.
പാർട്ടിയുടെ വിവിധ പോഷക സംഘടനകളിലും പ്രാദേശിക ഘടകങ്ങളിലും വലിയ തോതിലുള്ള അഴിച്ചുപണിയാണ് മമത ബാനർജി നടത്തിയിരിക്കുന്നത്.
യുവനേതാവ് അർണബ് ബാനർജിയെ സംസ്ഥാന തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായും കുനാൽ ഘോഷിനെ വടക്കൻ കൊൽക്കത്ത സംഘടനാ ജില്ലാ പ്രസിഡന്റായും നിയമിച്ചു. കൂടാതെ ന്യൂനപക്ഷ സെൽ പ്രസിഡന്റായി മൊസറഫ് ഹൊസൈനെയും മഹിളാ വിംഗ് പ്രസിഡന്റായി അലിഫാ അഹമ്മദിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ദില്ലി കേന്ദ്രീകരിച്ച് ബിജെപിയുടെ സഹായത്തോടെ വിമതർ നടത്തുന്ന നീക്കങ്ങൾ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

