Thursday, May 16, 2024
spot_img

മഴക്കാലമിങ്ങെത്തി…! രോഗങ്ങൾ ഇനി പെരുകും,ആരോഗ്യപ്രവര്‍ത്തകരുടെ രോഗത്തെ ചെറുക്കാനുള്ള നിർദ്ദേശങ്ങൾ നമുക്കും പാലിക്കാം,അറിയേണ്ടതെല്ലാം

മഴക്കാലമെത്തിയതോടെ രോഗങ്ങളുടെ എണ്ണവും ക്രമേണ വർദ്ദിച്ച് വരും. മഴയുടെ കുളിരോടോപ്പോം നമ്മെ തേടിയെത്തുന്നത് പലവിധ സാംക്രമിക രോഗങ്ങളാണ്. ഇവയെ പ്രതിരോധിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാനുണ്ടെന്ന് നോക്കാം.

  1. മലിനമാകുന്ന കുടിവെള്ളം

മഴക്കാലമാകുന്നതോടെ കരകവിഞ്ഞൊഴുകുന്ന തോടുകളിലെയും പുഴകളിലെയും മാലിന്യങ്ങൾ കിണറിലെ വെള്ളവുമായി കലരുന്നതാണ് ജലജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്നത്. വേണ്ടത്ര മുന്‍കരുതലുകളില്ലാതെ മലിനജലം കുടിക്കുന്നതും ഈ വെള്ളത്തില്‍ ഭക്ഷണം പാകംചെയ്യുന്നതും പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ കഴുകാനുപയോഗിക്കുന്നതുമെല്ലാം വിവിധ രോഗങ്ങള്‍ക്കിടയാക്കുന്നു. കൂടാതെ തണുത്തതും തുറന്നുവെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങളും മഴക്കാല രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

  1. കൊതുകുകൾ

വ്യാപകമായി പടരുന്ന പകര്‍ച്ചപ്പനികളിലധികവും പരത്തുന്നത് കൊതുകുകളാണ്. മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലാണ് ഇവ മുട്ടയിട്ടു പെരുകുന്നത്.400 മില്യണ്‍ വര്‍ഷങ്ങളായി ഭൂമുഖത്ത് നിലനില്‍ക്കുന്ന അസാമാന്യ പാടവമുള്ള ജീവികളാണ് കൊതുകുകള്‍. ദിവസവും ശരാശരി മൂന്നു മുതല്‍ 10 മുട്ടകള്‍ വരെ ഉല്‍പാദിപ്പിക്കാനുള്ള കഴിവ് കൊതുകുകള്‍ക്കുണ്ട്. കൂടാതെ വളര്‍ച്ചയുടെ കാലയളവ് അന്തരീക്ഷ ഊഷ്മാവ് അനുസരിച്ച് കൂട്ടാനും കുറക്കാനുമുള്ള കഴിവും ഇവക്കുണ്ട്. ജപ്പാന്‍ ജ്വരം, ചികുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയുടെ വൈറസുകളെ ശരീരത്തിനുള്ളിലേക്ക് കടത്തിവിടുന്നത് കൊതുകുകളാണ്. ഓരോതരം കൊതുകുകളും മുട്ടയിടാന്‍ വ്യത്യസ്ത സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. ഒരു സ്പൂണ്‍ വെള്ളം ധാരാളം മതി കൊതുകിന് മുട്ടയിട്ട് പെരുകാന്‍. മലിനജലത്തിലാണ് ജപ്പാന്‍ ജ്വരത്തിന് ഇടയാക്കുന്ന കൊതുകുകള്‍ മുട്ടയിടുന്നത്. പാത്രങ്ങളിലും മറ്റും ശേഖരിക്കുന്ന വെള്ളമാണ് ഡെങ്കിപ്പനിയും ചികുന്‍ഗുനിയയും പരത്തുന്ന കൊതുകുകള്‍ക്ക് താല്‍പര്യം.

പാത്രം കഴുകുന്ന സ്ഥലം, പൂപ്പാത്രം എന്നിവ മുട്ടയിടാന്‍ കൊതുകുകള്‍ താവളമാക്കാറുണ്ട്.പകര്‍ച്ചപ്പനി നിയന്ത്രണത്തിന് കൊതുക് നിവാരണം അനിവാര്യമാണ്.അതില്‍തന്നെ ഏറ്റവും ഫലപ്രദമായ മാര്‍ഗം കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കുന്നതാണ്. കൊതുകുകളുടെ മുട്ടകള്‍ വിരിയാന്‍ ഏഴുമുതല്‍ 10 ദിവസം വരെ എടുക്കും. വീടിന്‍െറ പരിസരങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം, തുണിനനക്കുന്ന സ്ഥലം, ചിരട്ടകള്‍, തൊണ്ടുകള്‍, ടയറുകള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം എന്നിവ കളയുന്നതോടെ ലാര്‍വകളെ നശിപ്പിക്കാന്‍ കഴിയും. ഒപ്പം പ്രായപൂര്‍ത്തിയായ കൊതുകുകളെ നശിപ്പിക്കാനും ശ്രദ്ധിക്കണം.

വീടിനു ചുറ്റും കൊതുവളരാനുള്ള സാഹചര്യം ഇല്ലാതാക്കണം. ആഹാരവും കുടിവെള്ളവും മലിനമാവുന്നത് വഴി ജലജന്യരോഗങ്ങളായ വയറിളക്കരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങള്‍ നിര്‍ജ്ജലീകരണത്തിനും അതുവഴി ലവണ നഷ്ടം ഉണ്ടാകുന്നതിനും ഇടയാക്കുന്നു. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുകയും ഭക്ഷണ സാധനങ്ങള്‍ നന്നായി പാകം ചെയ്ത് അടച്ചുസൂക്ഷിക്കുകയും ചെയ്യുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ ഇത്തരം രോഗങ്ങളെ അകറ്റി നിറുത്താം. വയറിളക്കമുണ്ടായാല്‍ നിര്‍ജലീകരണം തടയാനായി ഒ.ആര്‍.എസ് ലായനി, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവ രോഗിക്ക് നല്‍കണം. ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ സഹായം തേടണം. എല്ലാ വിധ പകര്‍ച്ചവ്യാധി രോഗത്തിനുമുള്ള ചികിത്സയും മരുന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.

ഡെങ്കിപ്പനി

ഈഡിസ് ഈജ്പിറ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടികിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകള്‍ മുട്ടയിട്ടു വളരുന്നത്. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്ത് അങ്ങിങ്ങായി ചുവന്നു തിണര്‍ത്ത പാടുകള്‍ കാണാനും സാധ്യതയുണ്ട്. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കണം.

എലിപ്പനി

ലെപ്ടോസ്പൈറ ഇനത്തില്‍പ്പെട്ട സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. രോഗാണുവാഹകരയായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. പനി, പേശി വേദന (കാല്‍ വണ്ണയിലെ പേശികളില്‍) തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്‍കണം. ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും.

ചിക്കുന്‍ ഗുനിയ

ആല്‍ഫാ വൈറസാണ് ചിക്കുന്‍ഗുനിയ പനി ഉണ്ടാക്കുന്ന രോഗാണു. കെട്ടി നില്‍ക്കുന്ന ശുദ്ധജലത്തില്‍ പെരുകുന്ന ഈഡിസ് കൊതുകുകളാണ് ഇതു പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന പനി,ത്വക്കില്‍ ഉണ്ടാകുന്ന പാടുകള്‍,സന്ധി വേദന,പ്രത്യേകിച്ചും കൈകാലുകളിലെ ചെറിയമുട്ടുകളുടെ വേദന, നടുവേദന, തുടങ്ങിയവയാണ് ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍.

മലമ്പനി

പെട്ടെന്നുണ്ടാകുന്ന പനി, അതികഠിനമായ വിറയലും കുളിരും,അസഹ്യമായ ശരീരവേദനയും തലവേദനയും, തുടര്‍ന്ന് അതികഠിനമായ പനി, രോഗിക്ക് ചുട്ടുപൊള്ളുന്ന അവസ്ഥ എന്നിവ ഉണ്ടാക്കുന്നു.

ജപ്പാന്‍ ജ്വരം

പനി,കഠിനമായ തലവേദന,ഛര്‍ദ്ദി,കഴുത്ത് കുനിക്കാന്‍ സാധിക്കാത്ത അവസ്ഥ,നിര്‍ജലീകരണം,തളര്‍ച്ച തുടങ്ങിയവയാണ് ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണങ്ങള്‍.ടൈഫോയ്ഡ്- രോഗികളുടെ വിസര്‍ജ്യവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി,വിശപ്പിലായ്മ,വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Related Articles

Latest Articles