Sunday, May 26, 2024
spot_img

പ്രേതങ്ങളെ ഭയം;മൃതദേഹങ്ങൾ സൂക്ഷിച്ച ക്‌ളാസുകളിൽ ഇരിക്കാൻ കഴിയില്ല,ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി

ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച സ്‌കൂള്‍ കെട്ടിടം പൊളിച്ചുനീക്കി. ബഹാനാഗയിലെ 65 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. ‘പ്രേതങ്ങളെ’ ഭയന്ന് വിദ്യാര്‍ത്ഥികള്‍ ക്ലാസ് പുനരാരംഭിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി. നേരത്തെ പഴക്കമുള്ള കെട്ടിടം സുരക്ഷിതമല്ലെന്നും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌കൂളിലെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാർത്ഥികള്‍ മടിക്കുന്നതായും ചൂണ്ടിക്കാട്ടി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി (എസ്എംസി) ഒഡീഷ സര്‍ക്കാരിനോട് കെട്ടിടം പൊളിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.ഇതേത്തുടർന്നാണ് നടപടി.

അപകടസ്ഥലത്തിന്‍റെ 500 മീറ്റർ അകലെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 250-ലധികം മൃതദേഹങ്ങൾ സൂക്ഷിക്കാന്‍ താൽക്കാലിക കേന്ദ്രമായി സ്കൂള്‍ തെരഞ്ഞെടുക്കുകയായിരുന്നു. ആറ് ക്ലാസ് മുറികളിലും ഹാളിലുമാണ് മൃതദേഹങ്ങള്‍ കിടത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം കെട്ടിടം മുഴുവൻ അണുവിമുക്തമാക്കുകയും ചെയ്തു. എന്നാല്‍, പ്രേതബാധയടക്കം ആരോപിച്ചാണ് പലരും സ്കൂളിലെത്തില്ലെന്ന് അറിയിച്ചത്. ഭയവും അന്ധവിശ്വാസവും പ്രചരിപ്പിക്കരുതെന്ന് ബാലസോർ കളക്ടർ ദത്താത്രയ ഭൗസാഹേബ് ഷിൻഡെ സ്കൂൾ സന്ദർശന വേളയിൽ അഭ്യർത്ഥിച്ചു. യുവ മനസ്സുകളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

Related Articles

Latest Articles