Wednesday, May 15, 2024
spot_img

‘നീതി ലഭിക്കും വരെ പോരാടും! വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരായ എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം’; സിദ്ധാർത്ഥിനായി രാജ്യതലസ്ഥാനത്തും എബിവിപി പ്രതിഷേധം

ദില്ലി: എസ്എഫ്‌ഐയുടെ ക്രൂര മർദ്ദനത്തിനിരയായി പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ചതിൽ രാജ്യതലസ്ഥാനത്തും എബിവിപിയുടെ പ്രതിഷേധം ഉയരുന്നു. ദില്ലി സർവ്വകലാശാല ക്യാമ്പസിൽ നടന്ന പ്രതിഷേധവും ശ്രദ്ധാഞ്ജലിസഭയും ദില്ലി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ സെക്രട്ടറി അപരാജിത ഉദ്ഘാടനം ചെയ്തു.

സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ എബിവിപി പ്രതിഷേധം തുടരും. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം വിദ്യാർത്ഥികൾക്ക് നേരെ നിരന്തരം അക്രമങ്ങൾ അഴിച്ചുവിടുന്ന എസ്എഫ്ഐയുടെ സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ ഭാവിതലമുറയെ ഇല്ലാതാകുക എന്ന ലക്ഷ്യവും ഇത്തരം അക്രമങ്ങൾക്ക് പിന്നിലുണ്ട്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ കലാലയങ്ങളിൽ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയാണ് വിദ്യാർത്ഥികളെ എസ്എഫ്‌ഐ കൂടെ നിർത്തുന്നത്. സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വെറ്ററിനറി സയൻസ് ബിരുദ വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥിനെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സിദ്ധാർത്ഥ് ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതേതുടർന്ന് സിദ്ധാർത്ഥ് എസ്എഫ്‌ഐയുടെ പരസ്യവിചാരണക്കും ക്രൂരമർദ്ദനത്തിനും ഇരയായെന്നും അന്വേഷണത്തിൽ കണ്ടെത്തി.

Related Articles

Latest Articles