Saturday, May 11, 2024
spot_img

പെൺകരുത്തിൽ ഇന്ത്യ; ഭാരതത്തിനായി ആദ്യ ഒളിമ്പിക്സ് മെഡൽ നേടിയ, മീരാബായ് ചാനു യഥാർഥത്തിൽ ആരാണെന്നറിയാമോ?

ഒളിമ്പിക്സില്‍ താരമായി ഭാരതം. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. 2020 ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ഇത്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു. കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ ഒരു ഒളിംപിക് മെഡല്‍ എന്ന പ്രതീക്ഷയുമായാണ് മീരാഭായ് ചാനു എന്ന 26കാരി കളത്തിലിറങ്ങിയത്.

റിയോയിലെ നിരാശ മായ്ച്ച്‌ വെള്ളി മെഡല്‍ മീരാഭായ് ഉറപ്പിച്ചിരിക്കുന്നു. ലോക റാങ്കിങ്ങിലെ മൂന്നാം സ്ഥാനം ക്ലീന്‍ ആന്റ് ജര്‍ക്കിലെ ലോക റെക്കോര്‍ഡ്, സ്നാച്ചിലും ക്ലീന്‍ ആന്റ് ജെര്‍ക്കിലുമായി 200 കിലോ മാര്‍ക്ക് മറികടന്ന ഇന്ത്യന്‍ വനിത എന്ന റെക്കോര്‍ഡുകളും മീരാഭാബായിയ്ക്ക് സ്വന്തമാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതകൂടിയാണ് ചാനു.

അതേസമയം ഭാരതത്തിന്റെ അഭിമാനമായി മാറിയ മീരാഭായിയെ പ്രധാനമന്ത്രിയും, രാഷ്ട്രപതിയുമുൾപ്പെടെയുള്ള നേതാക്കൾ അഭിനന്ദിച്ചു. “ഇത് വിജയകരമായ തുടക്കം. മീരാബായ് ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തിലൂടെ രാജ്യം സന്തോഷിക്കുന്നു. ഈ നേട്ടം ഇന്ത്യക്കാർക്ക് പ്രചോദനമാകുമെന്ന്” പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.

ആരാണ് മീരാബായ് ചാനു?

മണിപ്പൂരിലെ ഈസ്റ്റ് ഇംഫാലിൽ 1994 ഓഗസ്റ്റ് എട്ടിനാണ് മീരാബായ് ചാനു ജനിച്ചത്. അവൾക്ക് 12 വയസ്സുള്ളപ്പോഴാണ് വീട്ടുകാർ അവളുടെ ശക്തി തിരിച്ചറിഞ്ഞത്. വലിയ വിറകുകൾ പോലും അവളുടെ വീട്ടിലേക്ക് എളുപ്പത്തിൽ കൊണ്ടുപോകാൻ അവളുടെ കൈകൾക്ക് കഴിഞ്ഞു. അവളുടെ മൂത്ത സഹോദരന് പോലും എടുക്കാൻ കഴിയാത്ത ഭാരമുള്ള വിറകുകൾ പോലും അവൾ നിഷ്പ്രയാസം എടുത്തുകൊണ്ടുപോകുമായിരുന്നു. ഇങ്ങനെയാണ് അവളുടെ കഴിവ് മറ്റുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങിയത്. കുട്ടിക്കാലത്ത് വിറക് ഉയർത്തുന്നത് മുതൽ അന്താരാഷ്ട്ര വേദികളിലേക്ക് ഉയർത്തപ്പെടുന്നതുവരെ, വെയ്റ്റ് ലിഫ്റ്റർ മിരാബായ് ചാനുവിന്റെ കഥ ശ്രദ്ധേയമായ ഉയർച്ചയാണ്.

ഗ്ളാസ്ഗോയിൽ 2014-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയതോടെയാണ് മീരബായ് ചാനുവിന്റെ ജീവിതം മാറിമറിഞ്ഞത്. വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ സായ്‌കോം മീരബായ് ചാനു റിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. 2016ൽ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വനിതകളുടെ 48 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടി. സ്‌നാച്ചിൽ 79 കിലോയും ക്‌ളീൻ ആൻഡ് ജർക്കിൽ 90 കിലോയുമാണ് മീരാഭായ് ഉയർത്തിയത്. ആകെ 169 കിലോഗ്രാം ഉയർത്തിയാണ് റെക്കോർഡ് നേടിയത്.

ഇക്കഴിഞ്ഞ ഏപ്രിലിൽ നടന്ന ഏഷ്യന്‍ ഭാരോദ്വഹന ചാമ്പ്യന്‍ഷപ്പില്‍ പുറംവേദന ഭീഷണിയാവുമോ എന്ന് ഭയന്നിരുന്ന ചാനു ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 119 കിലോ ഭാരം ഉയര്‍ത്തിയാണ് പുതിയ ലോക റെക്കോഡ് സൃഷ്ടിച്ചത്. 118 കിലോയായിരുന്നു പഴയ റെക്കോഡ്. സ്‌നാച്ചില്‍ 89 കിലോയടക്കം മൊത്തം 205 കിലോഗ്രാം ഭാരം ഉയര്‍ത്തിയ ചാനുവിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ചാനു കരിയറില്‍ ഉയര്‍ത്തുന്ന ഏറ്റവും കൂടിയ കമ്പൈന്‍ഡ് ഭാരമായിരുന്നു അത്. എന്നാൽ സ്‌നാച്ചിലെ ആദ്യ രണ്ട് അവസരങ്ങളിലും 85 കിലോഗ്രാം ഭാരം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ട ചാനു മൂന്നാം ശ്രമത്തിലാണ് 86 കിലോ ഉയര്‍ത്തി വിജയിച്ചത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇന്ത്യയുടെ അഭിമാനമുയർത്തി ഒളിംപിക്സിൽ ഭാരതത്തിനായി ആദ്യ മെഡൽ നേടിയത്.

വനിതകളുടെ മുന്നേറ്റം തന്നെയാണ് ഇത്തരം അഭിമാനാർഹമായ വിജയങ്ങൾ നമുക്ക് കാണിച്ചുതരുന്നത്. മീരാബായ് ചാനുവിലൂടെ ഇനിയും സ്ത്രീകൾ ഇത്തരം മേഖലയിലേയ്ക്ക് എത്തിപ്പെടും, രാജ്യത്തിനായി വിജയങ്ങൾ കൈവരിക്കുകയും ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles