Monday, September 21, 2026

പാശ്ചാത്യ മാദ്ധ്യമങ്ങളുടെ കൊളോണിയൽ അഹങ്കാരവും വംശീയതയും പുറത്ത്; മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് അധിക്ഷേപിച്ച നോർവീജിയൻ പത്രത്തിനെതിരെ വ്യാപക വിമർശനവുമായി അന്താരാഷ്ട്ര സമൂഹം

ദില്ലി : ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന രീതിയിൽ കാരിക്കേച്ചർ പ്രസിദ്ധീകരിച്ച നോർവീജിയൻ പത്രത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപകവിമർശനം. നോർവേയിലെ പ്രമുഖ ദിനപത്രമായ ‘അഫ്റ്റൻപോസ്റ്റൻ’ ആണ് നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിക്കുന്ന കാർട്ടൂൺ നൽകിയത്. ഒരു വശത്ത് ജനാധിപത്യത്തെയും മാദ്ധ്യമസ്വാതന്ത്ര്യത്തെയും കുറിച്ച് വാചാലരാവുകയും, മറുവശത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കൊളോണിയൽ ചിന്താഗതികളും വംശീയ അധിക്ഷേപങ്ങളും ആവർത്തിക്കുകയും ചെയ്യുന്ന പാശ്ചാത്യ മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സമൂഹമാധ്യമങ്ങളിൽ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ചൂണ്ടിക്കാണിക്കുന്നു.

നോർവേ സന്ദർശനത്തിനിടയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും പ്രധാനമന്ത്രി മോദി ഒഴിഞ്ഞുമാറിയെന്ന തരത്തിലുള്ള വിവാദങ്ങൾ മനഃപൂർവം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഈ വംശീയ കാർട്ടൂൺ പുറത്തുവന്നത് എന്നത് ശ്രദ്ധേയമാണ്. നോർവീജിയൻ പ്രധാനമന്ത്രി യോനാസ് ഗാഹർ സ്റ്റോറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഹെല്ലെ ലൂങ് എന്ന നോർവീജിയൻ മാധ്യമപ്രവർത്തക ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചിരുന്നു. ഇവർ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ പാശ്ചാത്യ മാധ്യമങ്ങൾ ഇത് വലിയ രീതിയിൽ ചർച്ചയാക്കി. എന്നാൽ തുടർന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ നടത്തിയ വാർത്താസമ്മേളനത്തിലും ഇതേ ചോദ്യങ്ങൾ ആവർത്തിച്ച മാദ്ധ്യമപ്രവർത്തകയ്ക്ക് ഇന്ത്യൻ നയതന്ത്രജ്ഞൻ സിബി ജോർജ്ജ് ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ചോ രാജ്യത്തിന്റെ വ്യാപ്തിയെക്കുറിച്ചോ യാതൊരു അറിവുമില്ലാത്ത ചില എൻജിഒകൾ എഴുതിവിടുന്ന റിപ്പോർട്ടുകൾ മാത്രം മുൻനിർത്തിയാണ് ഇത്തരം ആളുകൾ ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ദില്ലിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഇരുനൂറിലധികം വാർത്താ ചാനലുകൾ 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യയിലെ മാധ്യമ ലോകത്തിന്റെ വലുപ്പം മനസ്സിലാക്കാതെയാണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും അടിസ്ഥാന അവകാശങ്ങളും നിയമപരമായ പരിഹാര മാർഗ്ഗങ്ങളും ഉറപ്പുനൽകുന്നുണ്ടെന്നും കോവിഡ് കാലത്ത് ലോകത്തെ മുഴുവൻ സഹായിച്ച വിശ്വസ്ത പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഈ നയതന്ത്ര പ്രതിരോധത്തിന് പിന്നാലെയാണ് ‘അഫ്റ്റൻപോസ്റ്റൻ’ പത്രം “ബുദ്ധിമാനും ഒപ്പം അൽപ്പം ശല്യക്കാരനുമായ മനുഷ്യൻ” എന്ന തലക്കെട്ടിലുള്ള ലേഖനത്തോടൊപ്പം ഈ വിവാദ കാരിക്കേച്ചർ പ്രസിദ്ധീകരിച്ചത്. ഇന്ധനം നിറയ്ക്കുന്ന പൈപ്പ് പാമ്പിന്റെ രൂപത്തിലും മകുടി പിടിച്ചിരിക്കുന്ന ഒരു പാമ്പാട്ടിയായി മോദിയെയും ചിത്രീകരിച്ചിരിക്കുന്നത് തികച്ചും അപകീർത്തികരമാണെന്നാണ് വിലയിരുത്തൽ. ഇന്ത്യയെ ഇപ്പോഴും പാമ്പാട്ടികളുടെ നാടായി കാണാൻ ആഗ്രഹിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിരാശയാണ് ഇതിലൂടെ പുറത്തുവരുന്നത്. മുൻപ് സാങ്കേതികവിദ്യ വികസിക്കുന്നതിന് മുൻപുള്ള ഇന്ത്യയെയാണ് അങ്ങനെ വിശേഷിപ്പിച്ചിരുന്നതെന്നും ഇന്ന് ഇന്ത്യ ‘മൗസ് ചാർമർമാരുടെ’ അഥവാ ഡിജിറ്റൽ സാങ്കേതികവിദ്യ നിയന്ത്രിക്കുന്നവരുടെ രാജ്യമായി മാറിയെന്നും പ്രധാനമന്ത്രി മോദി തന്നെ മുൻപ് പല അന്താരാഷ്ട്ര വേദികളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. 2022-ൽ സമാനമായ രീതിയിൽ ഒരു സ്പാനിഷ് പത്രവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പാമ്പാട്ടിയുടെ പ്രതീകം ഉപയോഗിച്ച് അധിക്ഷേപിച്ചിരുന്നു. ഡിജിറ്റൽ രംഗത്തും ജിഡിപി വളർച്ചയിലും ലോകത്തിന് തന്നെ മാതൃകയാകുന്ന പുതിയ ഇന്ത്യയുടെ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയാത്ത പാശ്ചാത്യ മാധ്യമങ്ങളുടെ ഇത്തരം കൊളോണിയൽ മനോഭാവം മാറേണ്ട കാലം കഴിഞ്ഞുവെന്നാണ് ആഗോളതലത്തിൽ ഉയരുന്ന പ്രധാന വിമർശനം.

Related Articles

Latest Articles