നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പെരുമഴയത്ത് ശിശുദിന റാലി. നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽനിന്നും ബോയ്സ് സ്കൂൾ വരെയായിരുന്നു റാലി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള സ്കൂളുകളിലെ നിരവധി വിദ്യാർത്ഥികളെയാണ് റാലിയിൽ പങ്കെടുപ്പിച്ചത്. മഴ തുടങ്ങിയപ്പോൾ താത്കാലികമായി റാലി നിർത്തി വയ്ക്കാനോ കുട്ടികളെ പെരുമഴ നനയാതെ മാറ്റി നിർത്താനോ അധികൃതീ തയ്യാറായില്ല.
വൈകുന്നേരം മൂന്നുമണിക്കായിരുന്നു പരിപാടി. രാവിലെ നടത്തുന്നതിന് പകരം വൈകുന്നേരം റാലി നടത്തിയതിലും വിമർശനം ഉയരുന്നുണ്ട്. രാവിലെ റാലി നടത്താമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വിസമ്മതിച്ചു എന്നാണ് ആരോപണം. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായിരുന്ന സമയത്ത് കുട്ടികളുടെ സുരക്ഷപോലും കണക്കിലെടുക്കാതെ റാലി നടത്തിയതിനെതിരേ രക്ഷിതാക്കളും രംഗത്തെത്തി.

