Monday, May 20, 2024
spot_img

രജനികാന്ത് യോഗിയുടെ കാൽ തൊട്ടുവന്ദിച്ചതിൽ എന്താണ് തെറ്റ് ? വിമർശകരുടെ വായടപ്പിച്ച് അണ്ണാമലൈ !

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് നടൻ രജനികാന്ത് വന്ദിച്ചതിൽ നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തുന്നത്. താരം ചെയ്തതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ, വിമർശനവുമായി രംഗത്തെത്തിയവർക്ക് ചുട്ടമറുപടി നൽകികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ. ബഹുമാന സൂചകയാണ് രജനികാന്ത് യോഗിയുടെ കാലിൽ തൊട്ടത്. അതിൽ എന്താണ് തെറ്റെന്ന് അണ്ണാമലൈ തുറന്നടിച്ചു.

യോഗി ജി ഗോരഖ്പൂർ മഠത്തിന്റെ തലവനായതിനാൽ ഉത്തർപ്രദേശിലെ ആളുകൾ അദ്ദേഹത്തെ മഹാരാജ് എന്നാണ് വിളിക്കുന്നത്. അപ്പോൾ, രജനികാന്ത് കാലിൽ വീണാൽ, അതിൽ എന്താണ് കുഴപ്പമെന്നും അണ്ണാമലൈ ചോദിച്ചു. എന്നാൽ, ഇതിനർത്ഥം ഒരാൾ മറ്റൊരാളേക്കാൾ താഴ്ന്നവനെന്നല്ല. യോഗി ജിയെയും അദ്ദേഹത്തിന്റെ ആത്മീയതയെയും രജനികാന്ത് ബഹുമാനിക്കുന്നുവെന്നും യോഗിയോടുള്ള തന്റെ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അണ്ണാമലൈ വ്യക്തമാക്കി. അതേസമയം, ജോലിയില്ലാത്ത ചില രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും എല്ലാറ്റിനെയും വിമർശിക്കാൻ തുടങ്ങിയാൽ അവസാനമുണ്ടാകില്ലെന്നും അണ്ണാമലൈ തുറന്നടിച്ചു.

അതേസമയം, DMK മന്ത്രിയായ അൻബിൽ മഹേഷിൽ നിന്ന് 20 രൂപ കൈപ്പറ്റാൻ ഒരാളുടെ കാലിൽ വീണ സംഭവവും ഉണ്ടായിട്ടുണ്ടെന്നും, തമിഴ്‌നാട്ടിലെ മന്ത്രിമാർ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കാൽക്കൽ വീഴുകയാണെന്നും അണ്ണാമലൈ പരിഹസിച്ചു. അതുപോലെ ഉദയനിധി സ്റ്റാലിനേക്കാൾ മുതിർന്ന ഒരു എംഎൽഎ നിയമസഭയിൽ അദ്ദേഹത്തെ വണങ്ങി. രജനികാന്തിനെ വിമർശിക്കുന്നവർ എന്തുകൊണ്ട് ഇതൊന്നും മിണ്ടുന്നില്ലെന്നും അണ്ണാമലൈ തുറന്നടിച്ചു.അതേസമയം, ഓഗസ്റ്റ് 19ന് രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്‍റെ ഒരു പ്രത്യേക പ്രദര്‍ശനം ലഖ്നൗവിൽ വച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് താരം ഉത്തർപ്രദേശിൽ എത്തിച്ചേര്‍ന്നത്. തുടർന്നാണ് യോഗി ആദിത്യനാഥിനെ സന്ദർശിക്കാനായി താരം എത്തിയത്. പിന്നീട് യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ട് വന്ദിച്ച് രജനി ഉപചാരം പ്രകടിപ്പിച്ചിരുന്നു. അതേസമയം രജനികാന്ത് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ കാറ്റിൽ പറത്തികൊണ്ട് രംഗത്തെത്തിയിരുന്നു. സന്യാസിമാരുടെ കാൽതൊട്ട് വന്ദിക്കുന്നത് തന്റെ ശീലമാണെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു. ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Latest Articles