Wednesday, May 15, 2024
spot_img

ചരിത്ര മുഹൂർത്തം കാത്ത് രാജ്യം; ഭാരതം അഭിമാനത്തിന്റെ വിജയക്കൊടി പാറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി, ദക്ഷിണധ്രുവത്തിലെ ലാൻഡിങ്ങിന് പ്രധാനമന്ത്രി സാക്ഷ്യം വഹിക്കുക ദക്ഷിണാഫ്രിക്കയിൽ നിന്ന്

ബംഗളുരു: കഴിഞ്ഞ മാസം 14ന് ആരംഭിച്ച ഇന്ത്യയുടെ ബഹിരാകാശ സ്വപ്നയാത്ര ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചന്ദ്രയാൻ അഭിമാന നേട്ടത്തിലേക്കു അടുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ലാൻഡിങ് കാഴ്ചകളിൽ പങ്കാളിയാകും. പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ദക്ഷിണാഫ്രിക്കയിൽ എത്തിയതാണ് അദ്ദേഹം. അവിടെ നിന്നുമായിരിക്കും സോഫ്റ്റ് ലാന്ഡിങ്ങിന് പ്രധാനമന്ത്രി സാക്ഷ്യം വഹിക്കുക. ചന്ദ്രയാൻ -2 ന്റെ ലാൻഡിങിൽ നരേന്ദ്രമോദി ബംഗളുരുവിൽ എത്തിയിരുന്നു. അന്ന് ലാൻഡിങ് പരാജയമായപ്പോൾ പ്രധാനമന്ത്രിയും മുൻ ഐഎസ്ആർഒ മേധാവി കെ ശിവനും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ്.

അതേസമയം ഇന്ന് വൈകുന്നേരം 5:45 മുതൽ ലാൻഡിംഗ് പ്രക്രിയകൾ ആരംഭിക്കും. ദൗത്യം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെയാണ്. സംവിധാനങ്ങളെല്ലാം പതിവ് പരിശോധനക്ക് വിധേയമാണ്. വിക്ഷേപണം സുഖമമായ യാത്ര തുടരുകയാണ്. സോഫ്റ്റ് ലാന്‍ഡിംഗ് സാധ്യമായാല്‍ അമേരിക്ക, സോവിയറ്റ് യൂനിയന്‍, ചൈന എന്നിവക്ക് ശേഷം ചന്ദ്രനില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ലോകത്തെ ആദ്യ രാജ്യം എന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചന്ദ്രനെ തേടിയുള്ള ഇന്ത്യയുടെ മൂന്നാം ദൗത്യമാണിത്. ആദ്യ ദൗത്യമായ ചന്ദ്രയാന്‍ ഒന്ന് ഉപേക്ഷിക്കുകയും രണ്ടാം ദൗത്യം (ചന്ദ്രയാന്‍ 2) ലാന്‍ഡിംഗ് ഘട്ടത്തില്‍ പരാജയപ്പെടുകയുമായിരുന്നു.

Related Articles

Latest Articles