Friday, May 17, 2024
spot_img

അബിഗേൽ സാറ എവിടെ? 6 വയസുകാരിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു; പണം ആവശ്യപ്പെട്ട് വന്ന ഫോൺകോളും രേഖാചിത്രത്തിലും കേന്ദ്രീകരിച്ച് അന്വേഷണം ഉർജ്ജിതമാക്കി പോലീസ്; ശുഭവാർത്തയ്ക്കായി കാതോർത്ത് സംസ്ഥാനം

കൊല്ലം: ആറ് വയസുകാരിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരു പുരുഷന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പണം ആവശ്യപ്പെട്ട് വന്ന ഫോൺകോളും ഈ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം പുരോഗമിക്കുന്നത്. പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖ ചിത്രമാണ് പുറത്തുവിട്ടത്.

പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പോലീസ് പരിശോധന നടത്തി. ആളൊഴിഞ്ഞ സ്ഥലങ്ങളിലും പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങളിലും പോലീസ് അരിച്ചുപെറുക്കി, നാട്ടുകാരും ഒപ്പം ചേർന്നു. രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം ഫോണും വിളിച്ചിരുന്നു. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിർദേശം. പാരിപ്പള്ളിയിലെ ഒരു കടയിലെത്തിയ സംഘം കടയുടമയുടെ ഫോൺ വാങ്ങിയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.

Related Articles

Latest Articles