തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് ബഡായി ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാര്‍ത്ഥ്യ ബോധ്യമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. കടമെടുത്ത് കേരളത്തെ മുടിക്കുന്ന ഒരു നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ച് വന്നത്. തകര്‍ന്ന് കിടക്കുന്ന കേരളത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ ഒരു നിര്‍ദേശവും ഈ ബജറ്റില്‍ കാണാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമ്പത്തിക മേഖലക്ക് ഗുണകരമാവുന്ന പ്രഖ്യാപനങ്ങൾ ഒന്നും ബജറ്റിൽ ഇടംപിടിച്ചിട്ടില്ല. മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾ പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. മത്സ്യതൊഴിലാളികളേയും റബർ കർഷകരേയും വഞ്ചിക്കുന്നതാണ് ബജറ്റ്. ധനകമ്മി വർധിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം തോമസ് ഐസക് സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്നും പറഞ്ഞു.
റബറിന്‍റെ താങ്ങുവില 150 രൂപയായി നിശ്ചയിച്ചത് യുഡിഎഫ് സര്‍ക്കാറായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ അധികാരത്തിലേറി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ 20 രൂപ മാത്രം വര്‍ധിപ്പിച്ചത് കര്‍ഷകരോടുള്ള അവഹേളനമാണ്. വാസ്തവത്തില്‍ ഇത് 250 രൂപയെങ്കിലും ആക്കേണ്ടതായിരുന്നു. കഴിഞ്ഞ വർഷങ്ങളിലെ ബജറ്റുകളിൽ പ്രഖ്യാപിച്ച കുട്ടനാട്, വയനാട്, ഇടുക്കി പാക്കേജുകൾ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

