Wednesday, September 30, 2026

ഹിമാചൽ മുഖ്യമന്ത്രി ആര്?;
അന്തിമ തീരുമാനം പ്രിയങ്ക ഗാന്ധിയുടേതെന്ന് സൂചന

ഷിംല: ഹിമാചൽ പ്രദേശിലെ പുതിയ മുഖ്യമന്ത്രി ആരാകും എന്നു തീരുമാനിക്കുക പ്രിയങ്ക ഗാന്ധിയെന്നു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല പ്രിയങ്കയ്ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ അവസാന വാക്ക് പ്രിയങ്കയുടേതാകുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻ പിസിസി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ് സുഖുവിനാണ് മുന്‍ഗണന. ഇന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ച് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചടങ്ങു നടത്താനാണ് സാധ്യത.

ഇന്നലെ ചേർന്ന നിയമസഭാകക്ഷിയോഗത്തിൽ ആര് മുഖ്യമന്ത്രിയാകണമെന്നതിൽ തീരുമാനമുണ്ടായില്ല. തുടർന്ന് തീരുമാനം ഹൈക്കമാൻഡിന് വിടുകയായിരുന്നു. പ്രിയങ്കയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ചേർന്നാണ് ഹിമാചൽ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങൾ രൂപപ്പെടുത്തിയത്. ഭരണം പിടിക്കാനായത് പ്രിയങ്കയുടെ സമീപ കാലത്തെ ഏറ്റവും വലിയ നേട്ടമാണ്.

അന്തരിച്ച മുൻമുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്, പ്രചാരണ ചുമതലയുണ്ടായിരുന്ന മുൻ പിസിസി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

Related Articles

Latest Articles