Sunday, September 20, 2026

എന്ത് തേങ്ങയ്ക്കാണ് സർക്കാർ താനൂർ ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ? ഇനിയും വേണോ ഇത്തരം പ്രഹസനങ്ങളെന്ന് അഞ്ചു പാർവതി പ്രഭീഷ്

താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഇന്നലെ സംസ്ഥാന സർക്കാർ 10 ലക്ഷം പ്രഖ്യാപിച്ചതിനു പുറമെ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ താനൂർ ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ വാരിയലാക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ അഞ്ചു പാർവതി പ്രഭീഷ്. അന്വേഷണം വെറും പ്രഹസനമായിരിക്കുമെന്ന് മുമ്പത്തെ ബോട്ട് ദുരന്തങ്ങളുടെ അന്വേഷണം ചൂണ്ടിക്കാട്ടി അധ്യാപിക വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അഞ്ചു പാർവതി സർക്കാരിനെ വിമർശിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

എന്ത് തേങ്ങയ്ക്ക്? നിയമ നടപടികൾ വൈകിപ്പിച്ച് വേണ്ടപ്പെട്ടവരെ ഊരി എടുപ്പിക്കാൻ വേണ്ടിയാണോ ജുഡീഷ്യൽ അന്വേഷണം ? നിയമങ്ങളെ കാറ്റിൽപ്പറത്തി ഇറങ്ങിയ ബോട്ട് കൺമുന്നിൽ ഉണ്ടായിട്ടും അതിനെതിരെ ചെറുവിരൽ അനക്കാതെ നിന്നവരെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണോ? 2002 ൽ 29 പേരുടെ ജീവനെടുത്ത മുഹമ്മ ബോട്ടപകടം. അതിനെ തുടർന്ന് നിയമിച്ച ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മീഷൻ 2003 ഏപ്രിൽ മാസം റിപ്പോർട്ട് സമർപ്പിച്ചതല്ലേ? എന്നിട്ട് ആ റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ,രജിസ്ട്രേഷൻ, ഫിറ്റ്നസ് , ലൈസൻസ്,ഇവയൊന്നും ഇല്ലാതെ സർവ്വീസ് നടത്തുന്ന ബോട്ട് സർവ്വീസുകൾക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചത്? ഇനിയും ഒരപകടം ഉണ്ടാകാതിരിക്കാൻ വേണ്ട മുൻ കരുതലുകളും നിർദ്ദേശങ്ങളും ഒക്കെ അതിലുണ്ടായിട്ടും വീണ്ടും മൂന്ന് ദുരന്തങ്ങൾ ( തട്ടേക്കാടും , തേക്കടിയും ഇപ്പോഴിതാ താനൂരും) ഇവിടെ ആവർത്തിച്ചു.

കോടിക്കണക്കിന് രൂപ ചിലവഴിച്ച് അന്വേഷണ കമ്മീഷനുകൾ ഗവൺമെൻ്റിന് സമർപ്പിച്ച റിപ്പോർട്ടുകൾ ഇവിടെയുണ്ട്. എന്നിട്ട് അവയിൽ എത്രയെണ്ണം ഫലപ്രാപ്തി കണ്ടു? ശരിക്കും ഇവിടെ വേണ്ടത് മറ്റൊരു ജുഡീഷ്യൽ കമ്മിഷനാണ്. എന്തിനെന്നോ? നാളിതുവരെ സമർപ്പിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളിൽ ഒന്നെങ്കിലും നടപ്പിലാക്കിയോ എന്നറിയാൻ. ഇല്ലെങ്കിൽ അത് എന്തുകൊണ്ട് നടപ്പിലാക്കാൻ ശ്രമിക്കുന്നില്ല എന്നറിയാൻ. ഇനിയും വേണോ ഇത്തരം പ്രഹസനങ്ങൾ?

Related Articles

Latest Articles