Saturday, May 4, 2024
spot_img

കലുഷിതമായി ബംഗാൾ! പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം ; 9 പേർ മരിച്ചു

പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിൽ 9 പേർ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവർത്തകരാണ് അക്രമണസംഭവങ്ങളിൽ കൊല്ലപ്പെട്ടത്. അടുത്ത വർഷം പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായാണ് കണക്കാക്കുന്നത്.

മരണപ്പെട്ടവരിൽ അഞ്ച് പേർ തൃണമൂൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരാൾ സ്വതന്ത്രനുമാണ് എന്നാണ് അറിയാൻ . നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പോളിംഗ് ബൂത്തുകളില്‍ ബാലറ്റ് പെട്ടികള്‍ നശിപ്പിച്ചു. പലയിടത്തും ബോംബേറും വെടിവെപ്പും നടന്നു. ചിലയിടങ്ങളിൽ വോട്ടർമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പരിക്കേറ്റവരെ കാണുകയും വോട്ടര്‍മാരുമായി സംസാരിക്കുകയും ചെയ്തു.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കും. ഗ്രാമപഞ്ചായത്തിന് 63,229, പഞ്ചായത്ത് സമിതിക്ക് 9,730, ജില്ലാ പരിഷത്ത് 928 എന്നിങ്ങനെയാണ് ആകെ സീറ്റുകൾ. 61636 പോളിംഗ് സ്റ്റേഷനുകളിലായി 5,67,21,234 പേരാണ് തങ്ങളുടെ സമ്മതിദായവകാശം നിർവഹിക്കുന്നത്.

Related Articles

Latest Articles