Saturday, May 18, 2024
spot_img

കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ്; പുനഃപരിശോധിക്കുമെന്ന് വനംമന്ത്രി

കോഴിക്കോട്: കാട്ടുപന്നികളെ വെടിവെയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ വ്യക്തതയില്ല. വെടിവയ്ക്കാൻ അനുമതി തേടുന്നത് മുതൽ പന്നിയുടെ ജഡം സംസ്കരിക്കാനുള്ള ചിലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ല. ഉത്തരവിലെ അവ്യക്തത നീക്കി ഉത്തരവ് പരിഷ്കരിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് ദിവസങ്ങളോളം അനുമതിക്കായി കാത്തിരിക്കേണ്ടിയിരുന്നതിന് പകരമാണ് ഈ അധികാരം പഞ്ചായത്ത് പ്രസിഡന്റുമാരിലേക്ക് എത്തുന്നത്. എന്നാല്‍ ഈ ഉത്തരവിലും ഒട്ടേറെ അവ്യക്തതകൾ ഉണ്ട്. അപേക്ഷ പരിഗണിച്ച് ശല്യക്കാരായ പന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനോ സെക്രട്ടറിക്കോ അനുമതി നൽകാമെന്നാണ് ഉത്തരവ്.

എന്നാല്‍ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ മുൻകൂർ അപേക്ഷ നൽകാനാകുമെന്നതാണ് ആദ്യത്തെ പ്രശ്നം. പന്നിയെ വെടിവയ്ക്കുന്നവർക്ക് വേതനം നൽകുന്ന കാര്യത്തിലോ മാത്രമല്ല, ജഡം ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് ഉത്തരവിൽ പറന്നുണ്ട് എന്നാൽ അതിന്‍റെ ചിലവ് ആര് കണ്ടെത്തുമെന്നതിന്റെ കാര്യത്തിലോ ഉത്തരവിൽ പരാമര്‍ശമില്ല. ഒരു പന്നിയെ വെടിവയ്ക്കാനും ജഡം ശാസ്ത്രീയമായി സംസ്കരിക്കാനും അയ്യായിരം രൂപയ്ക്ക് അടുത്ത് ചിലവ് വരും.

അവ്യക്തമായ ഉത്തരവ് ഇറക്കി വനംവകുപ്പ് തടിയൂരിയെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ പറയുന്നത്. എന്നാൽ പുതുതായി ഒരു തീരുമാനം നടപ്പിലാക്കുമ്പോൾ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles