കൊച്ചി: എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കുട്ടമ്പുഴ ക്‌ണാച്ചേരിയിൽ ഇന്ന് വൈകുന്നേരമാണ് ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡരികിൽ കണ്ടെത്തിയത്. ക്‌ണാച്ചേരി സ്വദേശി എൽദോസാണ് മരിച്ചത്. വിവരമറിഞ്ഞ് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. സ്ഥലത്ത് നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വന്യജീവി ആക്രമണത്തിൽ കൃത്യമായ നടപടിയെടുക്കുമെന്ന ഉറപ്പ് ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് പ്രതിഷേധം നടത്തുന്ന നാട്ടുകാർ.
ഇന്ന് ജോലിക്ക് പോയ എൽദോസ് ജോലികഴിഞ്ഞ് തിരികെ വരുകയായിരുന്നു. ബസിറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. എൽദോസിനൊപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഇതിന് ശേഷം ഇതുവഴി വന്നവരാണ് റോഡരികിൽ കാട്ടാനയുടെ ആക്രമണത്തിൽ ചിതറിപ്പോയ മൃതദേഹം കണ്ടെത്തിയത്.

