പഞ്ചാബ്: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ (Assembly Election Result 2022) കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി മുൻ പഞ്ചാബ് (Punjab) മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അമരീന്ദർ സിങ്. കോൺഗ്രസ് നേതാക്കൾ ഒരിക്കലും പഠിക്കില്ലെന്നാണ് അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.
പഞ്ചാബിലെ പരാജയത്തിന് കാരണം നാലര വർഷത്തെ ദുർഭരണമാണെന്ന കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയുടെ പ്രസ്‌താവനക്ക് മറുപടി പറയുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും പാഠം പഠിക്കില്ല. യുപിയിലും, മണിപ്പൂരിലും, ഗോവയിലും, ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനേറ്റ നാണംകെട്ട തോൽവിക്ക് ആരാണ് ഉത്തരവാദിയെന്ന് അമരീന്ദര്‍ ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിനുള്ള കാരണം വെണ്ടക്കാ അക്ഷരത്തില്‍ ഭിത്തിയില്‍ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ പാര്‍ട്ടി നേതൃത്വം ഒരിക്കലും അക്കാര്യം വായിച്ചെടുക്കാന്‍ തയ്യാറാകില്ലെന്നും അമരീന്ദര്‍ ചൂണ്ടിക്കാട്ടി.
പഞ്ചാബ് കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള പ്രശ്‌നങ്ങളെ തുടർന്ന് അമരീന്ദർ സിങ്ങിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ സ്വന്തം പാർട്ടി രൂപികരിച്ചു. ബിജെപി സഖ്യകക്ഷിയായെങ്കിലും പട്യാലയിൽ നിന്ന് മത്സരിച്ച അദ്ദേഹം പരാജയപ്പെടുകയായിരുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ 49 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ക്യാപ്റ്റൻ വിജയിച്ചത്. സെപ്റ്റംബറിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയശേഷം പുതിയ പാർട്ടി രൂപീകരിച്ച് മത്സരിച്ച അമരീന്ദർ സിംഗിന് ഈ പരാജയം വലിയ രാഷ്ട്രീയ തിരിച്ചടിയായി.

