Thursday, May 16, 2024
spot_img

മാസപ്പടി വിവാദത്തിൽ സർക്കാർ എരിഞ്ഞടങ്ങുമോ ? കണക്കുകൾ നിരത്തി മാത്യു കുഴൽനാടൻ വീണയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത് ഗുരുതരാരോപണങ്ങൾ ! മൗനം വെടിഞ്ഞ് മുഖ്യനും സിപിഎമ്മും മറുപടി പറയേണ്ടി വരും !

കോട്ടയം : മാസപ്പടി വിവാദത്തിൽ കേരളരാഷ്ട്രീയത്തെ പിടിച്ചു കുലുക്കി മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ കണക്കുകൾ നിരത്തിയാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് . വീണയുടെ കമ്പനിയായ എക്സാ ലോജിക് കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽനിന്ന് കൂടുതൽ പണം വാങ്ങിയെന്ന് കുഴൽനാടൻ ആരോപിച്ചു. ഇതുവരെ വീണാ വിജയൻ കരിമണൽ കമ്പനിയിൽനിന്ന് 1.72 കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും ഇതിന് പുറമെ 2017, 18, 19 കാലഘട്ടങ്ങളിലായി 42.48 ലക്ഷംരൂപ വാങ്ങിയതായി രേഖകളുണ്ടെന്നും കുഴൽനാടൻ വ്യക്തമാക്കി. ഈ തുകയ്ക്ക് ജിഎസ്ടി യിനത്തിൽ 6.48 ലക്ഷം രൂപ അടച്ചതായും എന്നാൽ 1.72 കോടിക്ക് നികുതി അടച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതിനു പുറമെ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് 39 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ടെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു

‘‘1.72 കോടി വാങ്ങിയപ്പോൾ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ പറഞ്ഞത് ഇതു കേവലം പൊളിറ്റിക്കല്‍ ഫണ്ടിങ്ങായി നൽകിയ പണമാണെന്നും ഇതിന് ഒരു സേവനവും കമ്പനി നൽകിയിട്ടില്ല എന്നുമാണ്. ഇതിനെയാണ് രണ്ടു കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടെന്ന് സിപിഎം പറഞ്ഞത്. ഈ പണം സേവനത്തിനു നൽകിയെന്നാണ് പാർട്ടി പറയുന്നത്. സിഎംആർഎൽ കേരളത്തിലും എക്സാ ലോജിക് കർണാടകയിലുമാണ്. 1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക, അതായത് 30.96 ലക്ഷംരൂപ എസ്ജിഎസ്ടി അടയ്ക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ സിപിഎം പുറത്തുവിട്ടിട്ടില്ല. ഇതു പുറത്തുകാണിക്കാൻ സിപിഎം തയാറാണോ? എസ്ജിഎസ്ടി അടച്ചിട്ടില്ല എന്നതിനർഥം ഇതു പൊളിറ്റിക്കല്‍ ഫണ്ടിങ്ങാണ് എന്നാണ്. ഈ നികുതി വെട്ടിപ്പിനുവേണ്ടി ഡിവൈഎഫ്ഐ സമരം ചെയ്യുമോ? കേരളത്തിനു കിട്ടാനുള്ള ജിഎസ്ടി മുഴുവൻ പിടിച്ചെടുക്കുമെന്നാണല്ലോ കഴിഞ്ഞ ദിവസം ധനമന്ത്രി പറഞ്ഞത്.

‘‘2014–15ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ വീണ നിക്ഷേപിച്ചു. 2015–16 വർഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആർഎൽ കമ്പനി ഉടമയുടെ ഭാര്യയില്‍നിന്ന് 25 ലക്ഷം ലഭിച്ചു. പിറ്റേവർഷം 37 ലക്ഷം രൂപ നൽകി. 2017–18 വർഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവർഷം 17 ലക്ഷം രൂപ നഷ്ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകളിൽ പറയുന്നു. 2020–21ൽ കമ്പനിക്ക് 5.38 ലക്ഷം രൂപ ലാഭമായി. എങ്കിലും വീണ 70 ലക്ഷംരൂപ കമ്പനിയുടെ നടത്തിപ്പിനായി നൽകി. 2021–22 വർഷം കമ്പനിയുടെ ലാഭം കേവലം 39,427 രൂപയാണ്. വീണ കമ്പനിക്കായി 78 ലക്ഷം രൂപ മുടക്കുന്നുമുണ്ട്. 2014 മുതൽ വീണാ വിജയൻ നടത്തിയ കമ്പനി ഏതാനും മാസങ്ങൾക്കു മുൻപു പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് മനസ്സിലാക്കാനാവുന്നത്. കഴിഞ്ഞ അഞ്ച് വർഷം എക്സാ ലോജിക് എന്ന കമ്പനി നടത്തിയതിന്റെ പേരിൽ വീണയ്ക്ക് 63.41 ലക്ഷം രൂപ നഷ്ടമുണ്ടായി.

ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായിട്ടും ഉത്തരം ലഭിക്കാത്ത സ്ഥിതിക്ക്, താൻ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് കുഴൽനാടൻ അറിയിച്ചിരുന്നു. ‘‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോപണ പ്രത്യാരോപണങ്ങൾ നടന്നു വരികയാണ്. സിപിഎം എനിക്കെതിരെ വ്യക്തിപരമായും ഞാൻ ഭാഗമായിട്ടുള്ള സ്ഥാപനത്തിനെതിരെയും നിരന്തരം ആരോപണമുന്നയിച്ചിരുന്നു. മറുപടി നൽകിയിട്ടും വീണ്ടും പ്രത്യാരോപണവുമായി രംഗത്തുവന്നു. എന്നാൽ എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സിപിഎം ഇതുവരെ തയാറായിട്ടില്ല.

റോഡു വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിനു പിന്നാലെ വീടിന്റെ പിന്നിലുള്ള മുറ്റം ലെവലാക്കാനായി മണ്ണിട്ടതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥർ സർവേക്ക് എത്തിയത്. നികുതി വെട്ടിപ്പിനെതിരെയാണ് പ്രധാനമായും സിപിഎം രംഗത്തുവന്നത്. മൂന്നാറിൽ വാങ്ങിയ സ്വത്തിന് നികുതി വെട്ടിപ്പു നടത്തിയെന്നാണ് പ്രധാന ആരോപണം. കേരളത്തിലെ പൊതുസമൂഹം എന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അവരോട് ഞാൻ നന്ദി പറയുകയാണ്.’’– കുഴൽനാടൻ പറഞ്ഞു

Related Articles

Latest Articles