Thursday, May 2, 2024
spot_img

വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് പൗരത്വ പ്രക്ഷോഭക്കേസുകൾ പിൻ‌വലിക്കുന്നു; മുഖ്യമന്ത്രി നടത്തുന്നത് ഗുരുതര തെരഞ്ഞെടുപ്പ് ചട്ടലംഘനം; സർക്കാരിന്റെ വർഗീയ അജണ്ടകൾക്ക് യു ഡി എഫിന്റെ പച്ചക്കൊടി; ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭക്കേസുകൾ മാത്രം അടിയന്തിരമായി പിൻവലിക്കുന്നത് ഗുരുതര ചട്ട ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുവാൻ അവർക്കെതിരെയുള്ള കേസുകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എഴുതിത്തള്ളുകയാണ്. ശബരിമല പ്രക്ഷോഭകാലത്ത് സമാധാനപരമായി നാമജപയാത്ര നടത്തിയ പതിനായിരക്കണക്കിന് പേർക്കെതിരെ കേസുകൾ നിലവിലുണ്ട്. ആ കേസുകൾ പിൻവലിക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും ഇത് വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചട്ടലംഘനത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയത്തിൽ മീഡിയ സെന്റർ ഉദ്‌ഘാടനം ചെയ്തശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ വർഗ്ഗീയ അജണ്ടകൾക്ക് യു ഡി എഫ് എല്ലാ വിധ പിന്തുണയും നൽകുകയാണ്. ശബരിമല കേസുകൾ പിൻവലിക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെടുന്നില്ല. ഈരാറ്റുപേട്ടയിൽ ആരാധനാലയത്തിൽ കയറി വൈദികനെ മർദ്ദിച്ച കേസിൽ പോലും എൽ ഡി എഫ്‌ പുതിയ നരേറ്റിവ് സൃഷ്ടിക്കുകയാണ്. പള്ളിയിൽ കൂട്ടമണിയടിച്ച് ചിലർ കലാപത്തിന് ആഹ്വനം ചെയ്‌തു എന്നാണ് പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പറയുന്നത്.

ഹമാസ് നേതാക്കളെ കൊണ്ടുവന്ന് റാലികൾ നടത്തിയിരുന്നവർ കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. 150 ലധികം പേർ ആക്രമണത്തിൽ മരിച്ചിട്ടും കേരളത്തിലെ ഇടത് വലത് മുന്നണി നേതാക്കൾ സംഭവത്തെ അപലപിക്കാൻ തയ്യാറാകാത്തത് വർഗീയവാദികളുടെ വോട്ടുറപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles