Monday, April 29, 2024
spot_img

വഴുതക്കാട്ടെ വനിതാ സൗഹൃദ ഇടനാഴിയിൽ ഒഴുക്കി കളഞ്ഞത് കോടികൾ; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകൾ

തിരുവനന്തപുരം: കോർപറേഷൻ 40 ലക്ഷത്തോളം രൂപ മുടക്കി സ്വകാര്യ ഭൂമിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചതിന്റെ പിന്നിലെ അഴിമതി കഥകൾ ഓരോന്നായി പുറത്തുവരുന്നു. വിമൻസ് കോളജിനു മുന്നിൽ വനിതാ സൗഹൃദ ഇടനാഴിയുടെ നിർമ്മാണം ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. 90.53 ലക്ഷം വകയിരുത്തിയ പദ്ധതിയുടെ പേരിൽ കരാറുകാർ കൈപ്പറ്റിയത് രണ്ടു കോടിയോളം രൂപ. പണി പൂർത്തിയാക്കും മുൻപ് മുഴുവൻ തുകയും കരാറുകാർ കൈപ്പറ്റിയതിലും ദൂരൂഹത. ഇടനാഴിയുടെ ഉദ്ഘാടനവും കരാറുകാരൻ ബില്ല് മാറിയതുമെല്ലാം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു തൊട്ടു മുൻപ്. വിമൻസ് കോളജിലെയും കോട്ടൺഹിൽ ഗേൾസ് സ്കൂളിലെയും വിദ്യാർഥികൾക്ക് സുരക്ഷിത യാത്രയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. ബേക്കറി ജംക്‌ഷൻ മുതൽ വിമൻസ് കോളജ് വരെയും കോട്ടൺഹിൽ സ്കൂളിനു മുന്നിലും ക്യാമറ സ്ഥാപിക്കൽ, ഫുട്പാത്ത് നിർമാണം, സോളർ പാനൽ സ്ഥാപിക്കൽ, ബസ് ഷെൽറ്റർ നിർമാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. 90,533,24 രൂപയാണ് വകയിരുത്തിയത്. ഹാൻഡ് റെയിൽ സ്ഥാപിക്കാൻ ഗാൽവനൈസ്ഡ് അയൺ പൈപ്പ് ഉപയോഗിക്കാനായിരുന്നു ആദ്യം എസ്റ്റിമേറ്റ് തയാറാക്കിയത്. തുക കൂട്ടിക്കാണിക്കാനായി ജിഐ പൈപ്പിനു പകരം സ്റ്റെയിൻലെസ് സ്റ്റീലും മേൽക്കൂര നിർമാണത്തിന് പോളി കാർബൺ ഷീറ്റുകളുമാക്കി റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കി. ഇതോടെ തുക ഇരട്ടിയായി. വനിതാ നേതാക്കളുടെ ചിത്രങ്ങൾ ചുവരിൽ പതിപ്പിക്കാൻ 20 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് ഇട്ടത്.വൻതുക മുടക്കുള്ളതും നിർമാണം ആരംഭിക്കാത്തതുമായ പദ്ധതികൾ ഉപേക്ഷിക്കാൻ രണ്ടാം പ്രളയ സമയത്ത് സർക്കാർ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചിരുന്നെങ്കിലും ഈ പദ്ധതി ഉപേക്ഷിച്ചില്ല. അടുത്ത വർഷം റിവിഷൻ പ്രോജക്ടിൽ ഉൾപ്പെടുത്തുകയും തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് നിർമാണം പൂർത്തിയാക്കിയെന്നു വരുത്തി ബില്ലുകൾ മാറുകയും ചെയ്തു.

Related Articles

Latest Articles