Monday, May 20, 2024
spot_img

കൊല്ലത്ത് വീണ്ടും സ്ത്രീധനക്കൊല; യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ

കൊല്ലം: കൊല്ലം ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതാട് സ്വദേശിനി 24 കാരിയായ വിസ്മയയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ ശരീരത്തിൽ ക്രൂരമായി മർദ്ദനമേറ്റതിന്റെ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ പരാതി. വിസ്മയയെ ഭർത്താവ് കിരൺ കുമാർ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. മരണത്തിന് മുമ്പ് യുവതിക്ക് ഭർതൃവീട്ടിൽ നിന്ന് മർദ്ദനമേറ്റിരുന്നു. മർദ്ദനമേറ്റ പാടുകളുടെ ചിത്രങ്ങളും വിസ്മയ സഹോദരനും ബന്ധുക്കൾക്കും അയച്ചു നൽകിയിരുന്നു.മാത്രമല്ല അതിൽ മർദ്ദന വിവരവും പറയുന്നുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ എത്തുന്നതിന് മുൻപ് തന്നെ വിസ്മയയുടെ മൃതദേഹം ഭർതൃ വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റിയത് ദുരൂഹത കൂട്ടുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. മരണത്തിൽ പോലീസ് അന്വേഷണം ശക്തമല്ലെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ ആറ് മണിക്കൂറായി മോർച്ചറി സൗകര്യം പോലുമില്ലാത്ത ആശുപത്രിയിലാണ് യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് എന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾ അറിഞ്ഞത്. സംഭവം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles