Monday, May 6, 2024
spot_img

സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തരുത്; കർശന നിർദ്ദേശവുമായി ഡി ജി പി…

സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതിനും മൊഴി ലേഖപ്പെടുത്തുന്നതിനും നിലവിലുള്ള കർശന വ്യവസ്ഥകൾ പാലിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം. വ്യവസ്ഥകൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

സ്ത്രീയുടെ മൊഴിയും വിവരങ്ങളും രേഖപ്പെടുത്തുന്നതിന് ക്രിമിനൽ നടപടി നിയമ സംഹിത അനുസരിച്ച് വ്യക്തമാക്കിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡിജിപി സർക്കുലറിൽ പറയുന്നു. കുറ്റകൃത്യത്തിന് വിധേയരാകുന്ന സ്ത്രീകൾക്ക് നിയമ സംരക്ഷണവും ആരോഗ്യ പ്രവർത്തകരുടെയോ വനിതാ സംഘടനകളുടെയോ രണ്ടുകൂട്ടരുടേയുമോ സഹായം ലഭ്യമാക്കണം. കുറ്റകൃത്യത്തിന് വിധേയമാകുന്ന സ്ത്രീക്ക് ശാരീരികമോ മാനസികമോ ആയിട്ടുള്ള ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സ്ത്രീയുടെ വീട്ടിൽ വെച്ചോ അവർ പറയുന്ന ഇടത്തുവെച്ചോ മൊഴി രേഖപ്പെടുത്തണം. സ്പെഷ്യൽ എഡ്യൂക്കേറ്ററുടെയോ ഇന്റർപ്രട്ടറുടെയോ സാന്നിധ്യത്തിൽ വേണം മൊഴി രേഖപ്പെടുത്താൻ.

ഐപിസിയിലെ 326(എ), 326(ബി), 354, 354(എ), 354(ബി), 354(സി), 354(ഡി), 375, 376, 376(എ), 376(ബി), 376(സി), 376(ഡി), 376(ഇ), 509 എന്നീ വകുപ്പുകള്‍ പ്രകാരമുളള കുറ്റകൃത്യങ്ങള്‍ക്കിരയായ സ്ത്രീ അക്കാര്യം അറിയിക്കുമ്പോൾ ഒരു വനിതാ പോലീസ് ഓഫീസറോ വനിതാ ഓഫീസറോ ആ വിവരം രേഖപ്പെടുത്തേണ്ടതാണെന്നും നിർദ്ദേശത്തിൽ പറയുന്നു.

സ്ത്രീയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ 161(3) വകുപ്പ് പ്രകാരം വീഡിയോയിൽ പകർത്തണം. വനിതകൾ നൽകുന്ന മൊഴി ഒപ്പിട്ടു വാങ്ങേണ്ട ആവശ്യമില്ല. ക്രിമിനൽ നിയമ സംഹിതയിലെ 161(1) വകുപ്പിന്റെ പ്രൊവിസ് പ്രകാരം സ്ത്രീകളെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്താൻ പാടില്ലെന്നും ഡിജിപിയുടെ നിർദ്ദേശത്തിൽ പറയുന്നു.

Related Articles

Latest Articles