Thursday, September 24, 2026

വനിതാ ലോകകപ്പ്; വിൻഡീസിനെതിരെയും ഇന്ത്യയുടെ തകർപ്പൻ വിജയം; സെമിഫൈനൽ പ്രതീക്ഷ കാത്തു;സ്‌മൃതിക്കും ഹർമ്മൻപ്രീതിനും സെഞ്ചുറി

വെല്ലിങ്ടണ്‍: ഐ.സി.സി വനിതാ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യയ്ക്ക് 155 റണ്‍സിന്റെ വമ്പൻ വിജയം. ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് 40.3 ഓവറില്‍ വെറും 162 റൺസെടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ എട്ടിന് 317. വെസ്റ്റ് ഇന്‍ഡീസ് 40.3 ഓവറില്‍ 162 ന് പുറത്ത്. ഇന്ത്യക്കുവേണ്ടി ഓപ്പണര്‍ സ്മൃതി മന്ദാനയും സഹനായിക ഹര്‍മന്‍പ്രീത് കൗറും സെഞ്ചുറി നേടി. ഈ വിജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ പ്രതീക്ഷ കാത്തു. സ്മൃതി 119 പന്തുകളില്‍ നിന്ന് 13 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 123 റണ്‍സെടുത്തപ്പോള്‍ ഹര്‍മന്‍പ്രീത് 107 പന്തുകളില്‍ നിന്ന് പത്ത് ബൗണ്ടറിയുടെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 109 റണ്‍സെടുത്തു.
ഒരു ഘട്ടത്തില്‍ 78 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ സ്മൃതിയും ഹര്‍മന്‍പ്രീതും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ 184 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

വിന്‍ഡീസിനായി അനിസ മുഹമ്മദ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷമീലിയ കോണെല്‍, ഹെയ്ലി മാത്യൂസ്, ഷക്കേര സെല്‍മാന്‍, ഡിയാന്‍ഡ്ര ഡോട്ടിന്‍, ആലിയ അലെയ്നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിൻഡീസ് നന്നായി തുടങ്ങിയെങ്കിലും മധ്യനിര തകർന്നു. വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സ് എന്ന നിലയില്‍ നിന്ന് വിന്‍ഡീസ് വെറും 162 റണ്‍സിന് ഓള്‍ ഔട്ടായി. 62 റണ്‍സെടുക്കുന്നതിനിടെയാണ് വിന്‍ഡീസിന്റെ പത്തുവിക്കറ്റും നിലംപൊത്തിയത്. ആദ്യം പതറിയെങ്കിലും സമയോചിതമായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി സ്‌നേഹ് റാണ 9.2 ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്തു. മേഘ്‌ന സിങ് രണ്ടുവിക്കറ്റ് നേടിയപ്പോള്‍ ജൂലന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്ക്‌വാദ്, രൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Latest Articles