Thursday, January 8, 2026

‘ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി’; അന്തരിച്ച നടൻ കോട്ടയം പ്രദീപിനെ അനുസ്മരിച്ച് ലാലേട്ടൻ

കൊച്ചി: അന്തരിച്ച നടൻ കോട്ടയം പ്രദീപിനെ അനുശോചിച്ച് നടൻ മോഹൻലാൽ. മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ് പ്രദീപ് എന്ന് താരം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ദുഃഖം അറിയിച്ചത്.

‘ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രിയപ്പെട്ട ശ്രീ കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ’ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ആറാട്ട് സിനിമയിലാണ് കോട്ടയം പ്രദീപ് അവസാനമായി അഭിനയിച്ചത്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കുകയാണ്.

ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. പുലർച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രത്യേക സംഭാഷണശൈലി കൊണ്ടും, അഭിനയശൈലി കൊണ്ടും മലയാള സിനിമയിൽ ഏറെ പെട്ടന്ന് ശ്രദ്ധേയനായ വ്യക്തിയാണ് കോട്ടയം പ്രദീപ്.

ജൂനിയർ ആർട്ടിസ്റ്റായി സിനിമ ജീവിതം ആരംഭിച്ച പ്രദീപ് കോമഡി വേഷങ്ങളിലൂടെ പിന്നീട് ജനശ്രദ്ധ നേടുകയായിരുന്നു. ഐ. വി. ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപിന്റെ സിനിമാ അരങ്ങേറ്റം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി എഴുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു. കൂടുതലും ഹാസ്യ കഥാപത്രങ്ങളായിരുന്നു പ്രദീപ് ചെയ്തിരുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.

Related Articles

Latest Articles