Friday, May 3, 2024
spot_img

ഒരു ജീവന് വേണ്ടി കൈകോര്‍ക്കാം; “രക്തം നമ്മളെ കോർത്തിണക്കുമ്പോൾ” ഇന്ന് ലോക രക്തദാന ദിനം

ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവര്‍ഷവും ജൂണ്‍ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.

ഒഴുകുന്ന ജീവന്‍ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധര്‍ നല്‍കിയ നിര്‍വചനം. ഒരുതുള്ളി രക്തം ഒരു പക്ഷെ ഒരു വലിയ ജീവന്‍ രക്ഷിക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെ. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്.

ദുരന്തം കീഴ്പെടുത്തുന്നത് വരെ കാത്തിരിക്കരുതെന്നും രക്തം നല്‍കൂ, ഇപ്പോള്‍ നല്‍കൂ, എപ്പോഴും നല്‍കൂവെന്നതാണ് ഇത്തവണ രക്തദാന ദിന സന്ദേശമായി ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്. രക്തസ്രാവം മൂലമാണ് ഭൂരിഭാഗം പേരും മരിക്കുന്നത്. റോഡപകടമോ മറ്റ് അപകടങ്ങളോ നടന്ന് ആശുപത്രിയിലെത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം ലഭിച്ചില്ലെങ്കില്‍ മരണം ഉറപ്പ്. ഇവിടെയാണ് സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം.

18 നും 55 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാന്‍ അനുയോജ്യം. ആരോഗ്യമുള്ള ഒരാള്‍ക്ക് 450 മില്ലി വരെ ഒരു തവണ ദാനം ചെയ്യാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. രക്തദാനം കൊണ്ട് ഒരു തരത്തിലുള്ള ദോഷവുമില്ലെന്ന തിരിച്ചറിവ് ആദ്യമുണ്ടാവുകയാണ് വേണ്ടത്. രോഗാണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യതയുള്ളത് രക്തത്തിലൂടെയാണ്. അതിനാല്‍ കൃത്യമായ രക്ത പരിശോധനകള്‍ക്ക് ശേഷം മാത്രമേ രക്തം ദാനം ചെയ്യുവാന്‍ കഴിയുകയുള്ളൂ.

രക്തം ദാനം ചെയ്യുമ്പോള്‍ ദാതാവിന്റെ ശരീരത്തില്‍ പുതിയ രക്ത കോശങ്ങള്‍ ഉണ്ടാവും. മാത്രമല്ല ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയും ഉന്മേഷവും നല്‍കും. അതുകൊണ്ട് തന്നെ രക്തദാനം ഒരു ദോഷവുമുണ്ടാക്കുന്നില്ല. ലോകത്താകമാനം 112.5 മില്ല്യണ്‍ ജനങ്ങളില്‍ നിന്ന് ഇന്ന് രക്തം ശേഖരിക്കുന്നുണ്ട്. ഇതില്‍ പകുതിയോളം സാമ്പത്തികമായി ഉയര്‍ന്ന് നില്‍ക്കുന്ന രാജ്യങ്ങളില്‍ പെട്ടവരാണ്.

Related Articles

Latest Articles