Monday, April 29, 2024
spot_img

ലോകപ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര അന്തരിച്ചു

പ്രാഗ് : സ്വതസിദ്ധമായ ശൈലികൊണ്ടും നിലപാടുകൾ കൊണ്ടും ലോകപ്രശസ്തനായ എഴുത്തുകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ചെക് പബ്ലിക് ബ്രോഡ്കാസ്റ്റ് ടെലിവിഷനാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത ലോകത്തെയറിയിച്ചത്. ഇന്നലെ ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ വച്ചായിരുന്നു അന്ത്യം. ചെക്കോസ്ലാവാക്യയിൽ ജനിച്ച കുന്ദേര, നാട്ടിലെ പൗരത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഫ്രാൻ‌സിലാണ് ജീവിച്ചിരുന്നത്. ദ് അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ്, ദ് ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്, ദ് ജോക്ക്, ഇമ്മോർട്ടാലിറ്റി, ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻ‌‌സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ .

1929 ഏപ്രിൽ ഒന്നിന് ചെക്കോസ്ലോവാക്യയിലെ ബർണോ നഗരത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് കുന്ദേര ജനിച്ചത്. കൗമാരത്തിൽ അദ്ദേഹം ചെക്കോസ്ലോവാക്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1948 ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ശേഷം കുന്ദേര പ്രാഗിലെ ചാൾസ് സർ‌വകലാശാലയിൽ സാഹിത്യവും ലാവണ്യശാസ്ത്രവും പഠിക്കാൻ ചേർന്നു. പിന്നീട് അക്കാദമി ഓഫ് പെർഫോമിങ് ആർട്സിൽ വിദ്യാർഥിയായി. പാർട്ടി വിരുദ്ധ നിലപാടെടുത്തു എന്ന പേരിൽ 1950 ൽ അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കി.

ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ എടുത്ത നിലപാടുകളാണ് കുന്ദേരയെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. 1956 ൽ പാർട്ടി അദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും 1970 ൽ വീണ്ടും പുറത്താക്കി. 1979 ലാണ് കുന്ദേരയുടെ ചെക്കോസ്ലോവാക്യൻ പൗരത്വം സർക്കാർ റദ്ദാക്കിയത്. ഇതിന് നാല് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഭാര്യയ്ക്കൊപ്പം ഫ്രാൻസിൽ താമസമാക്കിയിരുന്നു. ഫ്രഞ്ച് സർക്കാർ 1981 ൽ അവർക്കു ഫ്രഞ്ച് പൗരത്വം നൽകി. നീണ്ട കാലയളവിന് ശേഷം 2019 ൽ ചെക്ക് റിപ്പബ്ലിക് കുന്ദേരയ്ക്ക് പൗരത്വം തിരികെ നൽകിയെങ്കിലും അദ്ദേഹം ഫ്രാൻസിൽ തന്നെ തുടർന്നു.

Related Articles

Latest Articles