എല്ലാ വർഷവും മാർച്ച് 20 നാണ് ലോക സന്തോഷ ദിനം അല്ലെങ്കിൽ അന്താരാഷ്ട്ര സന്തോഷ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നത്. രാവും പകലും പോലെ സന്തോഷവും സങ്കടങ്ങളും ഇടകലര്‍ന്ന ഒന്നാണ് ജീവിതം. ഏത് പ്രതിസന്ധിയിലും തളരാതെയിരിക്കുക, പുഞ്ചിരി കൊണ്ട് എല്ലാ പ്രതിസന്ധികളെയും നേരിടുക.
ഈ ഓര്‍മ്മയ്ക്കായാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്. 2013 മുതലാണ് ഐക്യരാഷ്ട്ര സഭ ഇന്റര്‍നാഷണല്‍ ഹാപ്പിനസ് ഡേ ആഘോഷിക്കാന്‍ തുടങ്ങിയത്. സന്തോഷമെന്നത് സാര്‍വത്രികമായ മൗലികാവകാശമാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
സന്തോഷവാന്മാരായിരിക്കുന്നവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ താരതമ്യേന കുറവായിരിക്കും. ഇവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം താരതമ്യേന കൂടുതലായിരിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
2011-ൽ, യുഎൻ ജനറൽ അസംബ്ലി സാമ്പത്തിക അവസരങ്ങൾ പോലെ തന്നെ സന്തോഷത്തിനും മുൻഗണന നൽകുകയെന്നത് മനുഷ്യന്റെ അടിസ്ഥാന ലക്ഷ്യമാക്കി ഒരു പ്രമേയം അംഗീകരിച്ചു. 2012 ജൂലൈ 12 ലെ 66/281 നമ്പർ പ്രമേയത്തിൽ സന്തോഷത്തിന്റെ പ്രസക്തി അംഗീകരിച്ചുകൊണ്ട് മാർച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. സന്തോഷത്തിന്റെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്ന പ്രമേയം ഭൂട്ടാൻ ആണ് അവതരിപ്പിച്ചത്. 2013 ൽ, യുഎന്നിലെ എല്ലാ 193 അംഗരാജ്യങ്ങളും ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സന്തോഷ ദിനം ആഘോഷിച്ചു.

