കൊച്ചി: കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണം നിർമാണത്തിലെ പിഴവെന്ന് വിലയിരുത്തൽ. നിർമാണത്തിലും മേൽനോട്ടത്തിലും വന്ന ശ്രദ്ധക്കുറവാണ് കൊച്ചി പത്തടിപ്പാലത്ത് മെട്രോ റെയിൽ തൂണിന് ബലക്ഷയം ഉണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ട്രാക്കിനുണ്ടായ വളവിന്‍റെ യഥാർഥ കാരണം പൈലിങ്ങിലുണ്ടായ പിഴവാകമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ നവംബർ ഒന്നിനാണ് പത്തടിപ്പാലത്തെ ട്രാക്കിൽ ഒരു മില്ലീ മീറ്ററിന്‍റെ നേരിയ വളവ് ശ്രദ്ധിച്ചത്. പിന്നീട് ഇത് 9 മില്ലീമീറ്റർ വരെയായി മാറുകയായിരുന്നു. തുടർന്ന് ട്രെയിനോടുമ്പോൾ നേരിയ ഞരക്കം കേട്ടുതുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂണിനോ ഗർഡറുകൾക്കോ തകരാറില്ലെന്ന് കണ്ടെത്തിയത്. ഇതോടെ അടിത്തട്ടിലെ പൈലിങ്ങിലാണ് തകരാറെന്ന നിഗമനത്തിൽ എത്തി.
എട്ടു മുതൽ പത്തുമീറ്റർ വരെ ആഴത്തിലാണ് പത്തടിപ്പാലം മേഖലയിൽ കട്ടിയുളള പാറ കാണുന്നത്. ഈ പാറയിലാണ് നാലു വശങ്ങളിൽനിന്നുമായി പൈലിങ് നടത്തി തൂണുറപ്പിക്കുന്നത്. എന്നാൽ ഇവിടെ നടത്തിയ പൈലിങിൽ പിഴവുപറ്റിയെന്നാണ് ഡിഎം ആർസി മുഖ്യകൺസൾട്ടാന്‍റായ ഇ ശ്രീധരൻ അടക്കം കണക്കുകൂട്ടുന്നത്.

