Friday, May 17, 2024
spot_img

ഇന്ത്യ ..ഇന്ത്യ നമ്മളുദ്ദേശിച്ച ആളല്ല സർ …
എയർബസ്, ബോയിംഗ് പ്രഖ്യാപനത്തിൽ കണ്ണുതള്ളി ലോക നേതാക്കൾ

പാരിസ് :ലോകനേതാക്കൾക്കിടയിൽ സംസാര വിഷയമായി എയർ ഇന്ത്യയുടെ വമ്പൻ പർച്ചെസിങ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക് തുടങ്ങിയ നിരവധി നേതാക്കൾ എയർബസിൽ നിന്നും ബോയിംഗിൽ നിന്നും വിമാനങ്ങൾ വാങ്ങാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ചു രംഗത്തു വന്നു .

പുത്തൻ വിമാനങ്ങൾ സ്വന്തമാക്കാൻ എയർ ഇന്ത്യ എയർബസുമായും ബോയിംഗുമായും കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള വെർച്വൽ മീറ്റിംഗിലാണ് കരാർ പ്രഖ്യാപനം നടന്നത്. കരാറിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനക്കും പിന്തുണ അറിയിച്ചു.

ഇന്ത്യയിലെ സിവിൽ ഏവിയേഷൻ വിപണിയുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനു പുതിയ കരാർ കാരണമാകുമെന്നും ഇത് ഇന്ത്യയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുക വഴി , രാജ്യത്തെ ടൂറിസവും ബിസിനസ്സും വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

എയർ ഇന്ത്യയും എയർബസും തമ്മിലുള്ള കരാർ ഇന്ത്യ-ഫ്രഞ്ച് തന്ത്രപരമായ പങ്കാളിത്തത്തിന്റെ സുപ്രധാന നാഴികക്കല്ലാണെന്നും അന്താരാഷ്ട്ര ക്രമത്തിലും ബഹുരാഷ്ട്ര സംവിധാനത്തിലും സ്ഥിരതയും സന്തുലിതാവസ്ഥയും ഉറപ്പാക്കുന്നതിൽ ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം നേരിട്ട് പങ്കുവഹിക്കുന്നുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

40 എയർബസ് എ350, 20 ബോയിംഗ് 787, 10 ബോയിംഗ് 777-9 വൈഡ്ബോഡി എയർക്രാഫ്റ്റുകൾ എന്നിവയും 210 എയർബസ് എ320/321 നിയോസും 190 ബോയിംഗ് 737 മാക്സ് സിംഗിൾ ഐൽ എയർക്രാഫ്റ്റുകളുമാണ് എയർ ഇന്ത്യ പുതുതായി വാങ്ങുന്നത്. ഇതിൽ എ 350 വിമാനങ്ങളിൽ റോൾസ് റോയ്‌സ് എഞ്ചിനുകളാവും ഉപയോഗിക്കുക , ബി 777/787 എഞ്ചിനുകൾ ജിഇ എയ്‌റോസ്‌പേസിൽ നിന്നുള്ള എഞ്ചിനുകളും ഉപയോഗിക്കും.

യുകെ പ്രധാനമന്ത്രി സുനക്, ബിസിനസ് ആന്റ് ട്രേഡ് സെക്രട്ടറി കെമി ബാഡെനോക്ക് എന്നിവരും കരാറിനെ സ്വാഗതം ചെയ്തു.

“എയർ ഇന്ത്യയും എയർബസും റോൾസ് റോയ്‌സും തമ്മിലുള്ള ഈ സുപ്രധാന ഇടപാട് യുകെയുടെ അഭിവൃദ്ധി പ്രാപിക്കുന്ന എയ്‌റോസ്‌പേസ് മേഖലയ്ക്ക് കരുത്തു പകരും. ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന സാമ്പത്തിക ശക്തികളുമായി വ്യാപാരബന്ധം കെട്ടിപ്പടുക്കുന്നതിലൂടെ, യുകെ ബിസിനസുകൾ ആഗോള വളർച്ചയിലും മുൻപന്തിയിൽ തുടരുമെന്ന് ഞങ്ങൾ ഉറപ്പാക്കും.” സുനക് പറഞ്ഞു.
ഈ പ്രഖ്യാപനം വെയിൽസിലും ഡെർബിഷെയറിലും ഉയർന്ന വൈദഗ്ധ്യമുള്ള പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles