ലണ്ടന്‍: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് ഉദ്ഘാടന മത്സരം.ജൂലൈ പതിനാലിന് ലോഡ്സില്‍ കലാശപോരാട്ടം നടക്കും.
ഇപ്പോഴില്ലെങ്കിൽ ഇനിയില്ലെന്ന വീറോടെ ആദ്യ കിരീടത്തിനായി ആതിഥേയരായ ഇംഗ്ലണ്ട് ഒരുങ്ങുമ്പോള്‍ 1983 ആവർത്തിക്കാനൊരുങ്ങുകയാണ് വിരാട് കോലിയുടെ ഇന്ത്യ. ആറാം കിരീടത്തിലൂടെ ആധിപത്യം തുടരാൻ ഓസ്ട്രേലിയ. ദൗർഭാഗ്യങ്ങൾ കുടഞ്ഞെറിയാൻ ദക്ഷിണാഫ്രിക്ക. 2015ലെ തോൽവിക്ക് പകരംവീട്ടാൻ ന്യുസീലൻഡ്. പ്രവചനങ്ങൾ അസാധ്യമാക്കുന്ന പാകിസ്ഥാനും ബംഗ്ലാദേശും.
ഐ പി എൽ കരുത്തിൽ വിൻഡീസ്. അത്ഭുതചെപ്പ് തുറക്കുന്ന ശ്രീലങ്ക. വമ്പൻമാർക്ക് അശാന്തി വിതയ്ക്കാൻ അഫ്ഗാനിസ്ഥാൻ. പ്രവചനം അസാധ്യമായ ഇംഗ്ലീഷ് കാലാവസ്ഥയിൽ എല്ലാവരും പരസ്പരം ഏറ്റുമുട്ടുമ്പോൾ ആദ്യറൗണ്ടിൽ ഒരോ ടീമിനും ഒൻപത് കളികൾ. ആദ്യ നാല് സ്ഥാനക്കാർ സെമിയിലേക്ക്.
ഓവലിലെ ആദ്യ പോരിൽ നിന്ന് ലോഡ്സിലെ ഫൈനലിലേക്ക് എത്തുമ്പോൾ ആകെ നാൽപ്പത്തിയെട്ട് കളികൾ. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യൻ യാത്രയ്ക്ക് തുടക്കമാവുക. ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്ന ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ജൂൺ പതിനാറിനാണ്.

