Friday, May 17, 2024
spot_img

ലോകകപ്പ്: ശ്രീലങ്കയ്ക്ക് തുടക്കത്തിലേ തിരിച്ചടി

കാര്‍ഡിഫ്: ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിലേ തിരിച്ചടി. 28 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയിലാണ് ലങ്ക. മത്സരത്തിന്റെ രണ്ടാം പന്തില്‍ തന്നെ ലഹിരു തിരിമാനെയെ ( 4) പുറത്താക്കി മാറ്റ് ഹെന്റ്രി ആദ്യ പ്രഹരമേല്‍പ്പിച്ചു. ആദ്യ പന്തില്‍ ബൗണ്ടറിയോടെ തുടങ്ങിയ തിരിമാനെ രണ്ടാം പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.

24 പന്തില്‍ 29 റണ്‍സ് എടുത്ത കുശാല്‍ പെരേരയെയും മാറ്റ് ഹെന്റ്രി മടക്കി. തൊട്ടുപിന്നാലെ റണ്‍ ഒന്നുമെടുക്കാതെ കുശാല്‍ മെന്‍ഡിസും മടങ്ങി. നാല് റണ്‍ മാത്രമെടുത്ത ധനജ്ഞയ ഡി സില്‍വയെ ഫ്രെഗ്‌സണ്‍ പുറത്താക്കി.

ടീം സ്‌കോര്‍ 58ല്‍ നില്‍ക്കെ റണ്‍ ഒന്നും എടുക്കാതെ ഏയ്ഞ്ചലോ മാത്യൂസ് പുറത്തായി. ഗ്രാന്‍ഡ്ഹോമാണ് മാത്യൂസിലെ പുറത്താക്കിയത്. പിന്നാലെ എത്തിയ ജീവന്‍ മെന്‍ഡിസിനെ ലോക്കി ഫെര്‍ഗൂസന്‍ പുറത്താക്കി. 38 റണ്‍സുമായി ദിമുത് കരുണരത്നെ, 19 റണ്‍സുമായി തിസാരെ പെരേര എന്നിവരാണ് ക്രീസില്‍.

നേരത്തെ ടോസ് നേടിയ നിലവിലെ റണ്ണറപ്പുകളായ ന്യുസീലന്‍ഡ് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തോടെയാണ് കിവീസ് ആദ്യ മത്സരത്തിനെത്തുന്നത്. നിലവില്‍ ഐ.സി.സി റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് കിവീസ്. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത കിവീസിന് പക്ഷേ ആ മികവ് വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ കാഴ്ചവെയ്ക്കാനായിരുന്നില്ല.

മറുവശത്ത് 2007, 2011 ലോകകപ്പുകളില്‍ ഫൈനല്‍ കളിച്ച ലങ്കന്‍ ടീമിന്റെ നിഴല്‍ മാത്രമാണ് ഇപ്പോഴുള്ളത്. ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് വട്ടം ഫൈനലിലും, രണ്ട് വട്ടം സെമിയിലും കടന്ന ടീമാണ് ശ്രീലങ്ക. പക്ഷേ സമീപകാലത്തൊന്നും അതിനൊത്ത പ്രകടനം കാഴ്ചവെയ്ക്കാന്‍ അവര്‍ക്കായിട്ടില്ല. ഏയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നിവരാണ് എടുത്തുപറയാവുന്ന താരങ്ങള്‍. കഴിഞ്ഞ 12 ഏകദിനങ്ങളില്‍ പത്തിലും ലങ്കയ്ക്ക് തോല്‍വിയായിരുന്നു ഫലം.

Related Articles

Latest Articles