2001 ജൂണ്‍ ഒന്നാം തീയ്യതി വെള്ളിയാഴ്ച. ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുള്ള നാരയണ്‍ഹിതി കൊട്ടാരത്തില്‍ നടന്ന കൂട്ടക്കൊല ലോകത്തെ ഞെട്ടിച്ച ഒരു ദിവസത്തിന്റെ വാര്‍ഷികമാണിന്ന്. ഒരു രാജ്യത്തിന്റെ തന്നെ ഭാഗധേയം മാറ്റിക്കുറിച്ച കൂട്ടക്കുരുതി ആണ് അന്ന് സായാഹ്നത്തില്‍ വിരുന്നുസത്കരത്തിനിടെ ആ കൊട്ടാരത്തില്‍ നടന്നത്.
എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും വെള്ളിയാഴ്ചകളില്‍ നടത്തിവരാറുള്ള കുടുംബ സംഗമത്തോട് അനുബന്ധിച്ചുള്ള വിരുന്ന് സല്‍ക്കാരത്തിനിടെ നേപ്പാളിന്റെ യുവരാജാവും കിരീടാവകാശിയുമായ ദീപേന്ദ്ര ബീര്‍ വിക്രം ഷാ കൊട്ടരത്തില്‍ കൂട്ടക്കുരുതി നടത്തുകയായിരുന്നു. രാജകുടുംബാംഗങ്ങളും അടുത്ത അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന വിരുന്നിന്റെ അന്നത്തെ സംഘാടകന്‍ നേപ്പാളിന്റെ യുവരാജാവും കിരീടാവകാശിയുമായ ദീപേന്ദ്ര ബീര്‍ വിക്രം ഷാ രാജകുമാരനായിരുന്നു. കുടുംബത്തിലുണ്ടായിരുന്ന ചിലഖ് പ്രശ്‌നങ്ങള്‍ ആണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. കൂട്ടക്കൊലയ്ക്കുശേഷം ദീപേന്ദ്ര സ്വയം തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
രാജകുടുംബം ഒന്നടങ്കം കൊല്ലപ്പെട്ട സംഭവത്തില്‍ കൊട്ടാരം വൃത്തങ്ങളുടെ ആദ്യ പ്രതികരണം വിചിത്രമായിരുന്നു. ഒരു ഓട്ടോമാറ്റിക് തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റാണ് എല്ലാവരും മരിച്ചതെന്നായിരുന്നു ഗ്യാനേന്ദ്ര രാജകുമാരന്‍ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചത്. എന്നാല്‍ തികച്ചും സാങ്കേതിക കാരണങ്ങളാലാണ് അങ്ങനെ പറയേണ്ടി വന്നത് എന്നും, ഒരു പക്ഷെ ദീപേന്ദ്ര അപകടനില തരണം ചെയ്ത് രാജാവായി അധികാരമേല്‍ക്കുന്ന പക്ഷം അദ്ദേഹത്തിന്റെ മേല്‍ കൊലപാതക കുറ്റം ആരോപിക്കാന്‍ നിയമപരമായി കഴില്ല എന്നും ഉള്ളതുകൊണ്ടാണ് അത്തരമൊരു വിശദീകരണം നല്‍കിയതെന്ന് ഗ്യാനേന്ദ്ര പിന്നീട് വിശദീകരിച്ചു.
ഭൂരിപക്ഷം നേപ്പാള്‍ പൗരന്മാരും ഈ സംഭവത്തില്‍ പഴിചാരുന്നത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയേയും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ യുമാണ്. ഡല്‍ഹി ഉടമ്പടി പ്രകാരം സൈനിക കാര്യങ്ങളില്‍ നേപ്പാളിനുമല്‍ നിലനിന്നിരുന്ന ഇന്ത്യയുടെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ബീരേന്ദ്ര ശ്രമിച്ചതാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാല്‍ ഇന്ത്യയോട് അങ്ങേയറ്റം കൂറും കടപ്പാടും പ്രകടിപ്പിച്ചിരുന്ന ബീരേന്ദ്ര രാജാവിനെ നിഷ്‌കാസനം ചെയ്ത് നേപ്പാളില്‍ ഒരു ഭരണ പ്രതിസന്ധി ഉണ്ടാക്കാന്‍ ഇന്ത്യ തുനിയില്ല എന്ന ശക്തമായ എതിര്‍ വാദം നിലവിലുണ്ട്.
ഗ്യാനേന്ദ്ര രാജകുമാരനേയും കുടുംബത്തേയും ചുറ്റിപ്പറ്റിയും ആരോപണം ഉയര്‍ന്നിരുന്നു. ബീരേന്ദ്ര രാജാവും രണ്ടു പുത്രന്മാരും സഹോദരനായ ധീരേന്ദ്രയും കൊല്ലപ്പെട്ടതോടുകൂടി ഗ്യാനേന്ദ്ര നേപ്പാളിന്റെ സിംഹാസനത്തില്‍ സ്വയം അവരോധിക്കപ്പെട്ടു. കൂട്ടക്കൊല നടക്കുമ്പോള്‍ ഗ്യാനേന്ദ്ര പൊഖാറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. ഗ്യാനേന്ദ്രയുടെ ഭാര്യയായ കോമള്‍ രാജകുമാരിക്ക് വെടിയേറ്റെങ്കിലും അവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതല്ലാതെ ആ കുടുംബത്തിലെ മറ്റാര്‍ക്കും അന്ന് അപകടം പറ്റിയില്ല.
ഇതാണ് സംശയത്തിന്റെ മുന ഗ്യാനേന്ദ്രയുടേയും കുടുംബത്തിന്റേയും നേരെ തിരിയുന്നത്. ജനങ്ങള്‍ക്ക് താരതമ്യേന അനഭിമതരായിരുന്ന ഗ്യാനേന്ദ്രയ്ക്കും മകന്‍ പാരസിനും സിംഹാസനത്തിന്മേല്‍ മോഹമുണ്ടായിരുന്നു എന്ന ആരോപണവുമുണ്ട്. ഈ കൂട്ടക്കൊലയോടുകൂടി നേട്ടമുണ്ടായതും ഇവര്‍ക്ക് തന്നെ.
കൂട്ടക്കൊല നടന്ന് പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായിട്ടും സംഭവത്തിനു പിന്നിലെ രഹസ്യം ഇന്നും നിഗൂഢമായി നിലനില്‍ക്കുന്നു. പിന്നീട് രാജവംശം തന്നെ ഇല്ലാതായ , നേപ്പാളിന്റെ ഭാവി തന്നെ മാറ്റിക്കുറിച്ച രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കമായിരുന്നു ഈ ദാരുണ സംഭവം.

