“ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രത്തിന്റെ” രണ്ടാം ഘട്ട നിർമ്മാണം ആരംഭിച്ചു. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് വിരാട് രാമായണ മന്ദിർ . 500 കോടി രൂപ ചെലവിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗവും ഉണ്ടാകും. കംബോഡിയയിലെ അങ്കോർ വാട്ട്, തമിഴ്നാട്ടിലെ രാമേശ്വരത്തുള്ള രാമനാഥസ്വാമി ക്ഷേത്രം, മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യ.
3.76 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ നിർമ്മാണം 2023 ജൂണിൽ ആരംഭിച്ചു. 2025 ൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന പ്രധാന ദേവതകൾക്കായി സമർപ്പിച്ചിരിക്കുന്ന സമുച്ചയത്തിൽ 22 ചെറിയ ക്ഷേത്രങ്ങളുണ്ടാകും.
10 മാസം കൊണ്ടാണ് ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ തറനിരപ്പിൽ നിന്ന് 26 അടി വരെ ഉയരമുള്ള നിർമാണം പൂർത്തിയാക്കുമെന്ന് നിർമാണത്തിന്റെ എല്ലാ ചെലവുകളും വഹിച്ച പട്ന ആസ്ഥാനമായുള്ള മഹാവീർ മന്ദിർ ട്രസ്റ്റിലെ ആചാര്യ കിഷോർ കുനാൽ പറഞ്ഞു.
മൂന്നാം ഘട്ടത്തിൽ മുഴുവൻ ക്ഷേത്രത്തിന്റെയും ഗോപുരത്തിന്റെയും നിർമാണവും അവസാന മിനുക്കുപണികളും നടത്തും. ക്ഷേത്രത്തിൽ ആകെ 12 ഗോപുരങ്ങൾ ഉണ്ടാകും. പ്രധാന ഗോപുരത്തിന് 270 അടി ഉയരമുണ്ടാകും . ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥാപിക്കുക എന്നതാണ് ക്ഷേത്രത്തിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്ന് ആചാര്യ കിഷോർ കുനാൽ പറഞ്ഞു.

