പൗരാണിക ഭാരതം എന്തായിരുന്നുവെന്ന് വരും തലമുറ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന നടൻ വിക്രമിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സ്വന്തം സംസ്കാരത്തിൽ അഭിമാനമുള്ളവരാകണം. ഭാരതീയ വാസ്തു വിദ്യകളെ മുൻനിർത്തിയാണ് താരത്തിന്റെ പരാമർശം.
നമ്മൾ എല്ലാവരും പിരമിഡുകളെക്കുറിച്ചും അവ എങ്ങനെ നിർമിച്ചു എന്നതിനെപ്പറ്റിയും സംസാരിക്കുന്നു. പിസയിലെ ചെറിയുന്ന ഗോപുരം കാണാൻ പോകുന്നു. ചെരിഞ്ഞ് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നു. സത്യത്തിൽ ചരിഞ്ഞ് വീണ് കൊണ്ടിരിക്കുന്ന കെട്ടിടത്തെയാണ് നമ്മൾ അഭിനന്ദിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരത്തെ കുറിച്ച് നിങ്ങൾക്കറിയുമോ എന്നും വിക്രം ചോദിക്കുന്നു. അത് ചോള രാജവംശത്തിന്റെ കാലത്ത് തഞ്ചാവൂരിൽ നിർമിച്ച ഗോപുരമാണ്. 80 ടൺ ഭാരമുള്ള ഒറ്റ കല്ലാണ് ഗോപുരത്തിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ അത് എങ്ങനെയാണ് ചെയ്തതെന്നും ആർക്കുമറിയില്ലെന്നും വിക്രം വിമർശിച്ചു.
കൂടാതെ, ക്രെയിനുകളോ യന്ത്രസാമഗ്രികളോ ഇല്ലാതെ ആറ് കിലോമീറ്റർ നീളമുള്ള ഒരു റാംപ്, അവർ ഒരൊറ്റ കല്ല് മുകളിലെത്തിക്കാനായി മാത്രം നിർമിച്ചു എന്നറിയാമോ ? കാളകളും ആനകളും ആളുകളും ചേർന്ന് വലിച്ചാണ് അതിനെ മുകളിലെത്തിച്ചത്. കൂടാതെ, പ്ലാസ്റ്റർ ഇല്ലാതെയാണ് ഇത്രവും വലിയ നിർമിതി ഉണ്ടാക്കിയിരിക്കുന്നത്. ആറ് ഭൂകമ്പങ്ങളെ അത് അതിജീവിച്ചു. എന്നാൽ ഇതൊന്നും അറിയാൻ ശ്രമിക്കാതെ ചെരിഞ്ഞ് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കാനാണ് എല്ലാവർക്കും ആഗ്രഹം. നമ്മൾ നമ്മുടെ സംസ്കാരത്തെ കുറിച്ച് ചിന്തിക്കണം. നമ്മൾ എത്രത്തോളം പുരോഗതി പ്രാപിച്ചവരായിരുന്നുവെന്ന് അറിയണമെന്നും വിക്രം കൂട്ടിച്ചേർത്തു.

