കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കാമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ. പോലീസിൽ നിന്നും ശുഭകരമായ വാർത്ത ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പോലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ശുഭകരമായ വാർത്തകൾ പ്രതീക്ഷിക്കാമെന്നതു തന്നെയാണ്. പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. എല്ലാ പ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. സമയം നീണ്ടു പോകുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും കുട്ടിയെ കണ്ടെത്തിയെന്ന ശുഭകരമായ വാർത്തയ്‌ക്കായി കാത്തിരിക്കുന്നു’ എന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.
നിർണായക വിവരങ്ങൾ ലഭിച്ചതായി ദക്ഷിണ മേഖല ഐജി സ്പർജ്ജൻ കുമാർ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സൈബർ വിവരങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. വിവിധ ടീമുകളായി തിരിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ തിരച്ചിൽ നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ പങ്കുവെയ്‌ക്കാതെയാണ് പോലീസ് അന്വേഷണം തുടരുന്നത്.

