കൽപ്പറ്റ : സംസ്ഥാനത്തെ ഒന്നാകെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ സ്ഥിരീകരിച്ചത് 292 മരണമാണ്. 240 പേർ ഇപ്പോഴും കാണാമറയത്താണ്. കാലവർഷക്കെടുതികൂടി അതിരൂക്ഷമായതോടെ വയനാട് ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെയാണ് മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.
ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്. ഇവരിൽ 859 പുരുഷന്‍മാരും 903 സ്ത്രീകളും 564 കുട്ടികളും 2 ഗര്‍ഭിണികളും ഉൾപ്പെടുന്നു.ക്യാമ്പിൽ കഴിയുന്ന പലരും ദുരന്തത്തിൽ നിന്നും തലനാരിക്ക് രക്ഷപ്പെട്ടവരാണ്. ഉറ്റവരെയും ജീവിതകാലം മുഴുവൻ കൊണ്ട് സമ്പാദിച്ച മുഴുവൻ സമ്പാദ്യവും അവർക്ക് നഷ്ടപ്പെടപ്പെട്ടു. മരുന്നുകൾ കൊണ്ട് ഉണക്കാനാവുന്ന മുറിവിനേക്കാൾ വലുതാണ് അവരുടെ മനസ്സിന് ഏറ്റ മുറിവുകൾ. ശാരീരികമായ അവശതകൾക്കൊപ്പം അവരുടെ മനസ്സിനെ സാന്ത്വനിപ്പിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് മഹിളാമോർച്ച പ്രവർത്തകർ. കൗൺസിലിംഗ് സേവനം നൽകുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ച് ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൗൺസിലിംഗ് സേവനം ലഭ്യമാക്കി തുടങ്ങി. അവർ തനിച്ചല്ലെന്നും കേരളം മുഴുവൻ വയനാടിനൊപ്പം ഉണ്ടെന്ന ചിന്ത അവരിൽ ഇപ്പോൾ സജീവമാക്കുവാനും സാധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും മഹിളാമോർച്ചയ്ക്ക് അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്.

