ദില്ലി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന ബംഗാളിലും ജാര്‍ഖണ്ഡിലും പ്രചാരണത്തിന് വിലക്ക്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ സിന്‍ഹ ബംഗാളില്‍ വോട്ട് ചോദിച്ചു വരേണ്ട എന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്ത്. ബിജെപി സ്ഥാനാര്‍ഥിയും ഗോത്രവിഭാഗക്കാരിയുമായ ദ്രൗപദി മുര്‍മുവിനെ എതിര്‍ത്താല്‍ ബംഗാളില്‍ തങ്ങളെ പിന്തുണയ്ക്കുന്ന ആദിവാസി വിഭാഗം പിണങ്ങുമോ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആശങ്ക.
പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി സിന്‍ഹയെ മുന്നോട്ടു വച്ചത് മമത ആയിരുന്നു. പിന്നാലെയാണ് ദ്രൗപദിയുടെ സ്ഥാനാര്‍ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. ബംഗാളില്‍ ജംഗല്‍മഹല്‍, പുരുലിയ, വടക്കന്‍ ബംഗാള്‍ എന്നിവിടങ്ങളില്‍ ദ്രൗപദിയുടെ ഗോത്രമായ സാന്താള്‍ വിഭാഗക്കാരാണ് 80 ശതമാനവും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച ഈ വിഭാഗം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനൊപ്പമായിരുന്നു. സിന്‍ഹയുടെ വരവ് ഇവരുടെ പിന്തുണ നഷ്ടമാക്കുമോ എന്ന ആശങ്കയാണ് മമതയ്ക്ക്.
ദ്രൗപദി മുര്‍മുവിനെ നേരത്തേ ബിജെപി പ്രഖ്യാപിച്ചിരുന്നെന്നെങ്കില്‍ സമവായ സ്ഥാനാര്‍ഥിയാക്കാമായിരുന്നു എന്നു മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ജാര്‍ഖണ്ഡില്‍ യുപിഎ ഘടകകക്ഷിയായ ജെഎംഎമ്മും നാട്ടുകാരിയായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കണോ എന്ന ചിന്തയിലാണ്. ഇതേതുടര്‍ന്ന്, സിന്‍ഹ രണ്ടു സംസ്ഥാനങ്ങളിലെയും പ്രചാരണം നിര്‍ത്തിവെച്ചു. ഇന്നലെ യുപിയില്‍ പര്യടനം നടത്തിയ അദ്ദേഹം, ഇന്ന് ഗുജറാത്തിലെത്തും.

