Tuesday, April 30, 2024
spot_img

പ്രതീക്ഷയറ്റ് പ്രതിപക്ഷം; എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

ദില്ലി: രാഷ്‌ട്രപതി സ്ഥാനാർഥി ദ്രൗപതി മര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച്‌ ബി.എസ്.പി അധ്യക്ഷ മായാവതി. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് മായാവതി എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ തീരുമാനം ബി.ജെ.പിക്കോ എന്‍.ഡിഎക്കോ ഉള്ള പിന്തുണയല്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരുമല്ല. മറിച്ച്‌ ത​ങ്ങളുടെ പാര്‍ട്ടിയെയും അതിന്റെ പ്രസ്ഥാനങ്ങളെയും ഓര്‍ത്തുകൊണ്ട് എടുത്ത തീരുമാനമാ​ണെന്നും മായാവതി പറഞ്ഞു.

എന്നാൽ, പ്രതിപക്ഷ പ്രതീക്ഷകള്‍ എല്ലാം അപ്രത്യക്ഷമായി മാറുകയാണ്. പ്രതിപക്ഷത്തിനൊപ്പം നിന്നിരുന്ന കൂടുതല്‍ പാര്‍ട്ടികള്‍ നിലപാട് മാറ്റി എന്‍ഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ്. ഏറ്റവുമൊടുവില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച കൂടി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു. കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി എന്‍ഡിഎയ്‌ക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത് കാഴ്‌ച്ചക്കാരായി നോക്കിനില്‍ക്കുകയാണ് കോണ്‍ഗ്രസും തൃണമൂലും.

യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷത്തിന്റെ പൊതുസ്ഥനാര്‍ഥിയായി തെരഞ്ഞെടുത്ത 17 പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടത്തില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഉണ്ടായിരുന്നു. ഗോത്രവര്‍ഗക്കാരുടെ പാര്‍ട്ടിയായി തുടരുമ്പോള്‍ മുര്‍മുവിനെ പിന്തുണച്ചില്ലെങ്കില്‍ തിരിച്ചടിയാവുമെന്ന ഭയമാണ് ഹേമന്ത് സോറനെ നിലപാട് തിരുത്താന്‍ പ്രേരിപ്പിച്ചത്. പിന്നാക്ക വിഭാഗത്തിന്റെ പാര്‍ട്ടിയായി അറിയപ്പെടുന്ന കര്‍ണ്ണാടകയിലെ ജെഡിഎസും സമാനമായ അവസ്ഥയിലാണ്. പാര്‍ട്ടി നേതാവ് ദേവഗൗഡ മുര്‍മുവിന് അനുകൂലമായ പ്രസ്താവന നടത്തിയിരുന്നു. ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്നായിക്കും ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡിയും നേരത്തെ തന്നെ ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles