ദില്ലി : കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് ജ്യോതിരാദിത്യ സിന്ധ്യ. അടുത്തിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിനാശകരമായ പ്രകടനത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്. പാര്‍ട്ടി അധ്യക്ഷനായിരുന്നു രാഹുല്‍ അമേഠിയില്‍ തോല്‍ക്കുകയും ചെയ്തിരുന്നു.ബുധനാഴ്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതായി കത്ത് ട്വീറ്റ് ചെയ്തിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഇതിനകം മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം രാജിവച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ദീപക് ബബാരിയ, വിവേക് തങ്ക എന്നിവരുള്‍പ്പെടെ മറ്റ് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സ്ഥാനമൊഴിഞ്ഞു.

