ദില്ലി: ലിവിംഗ് റിലേഷൻഷിപ്പ് തുടരാൻ താൽപര്യമില്ലെന്നറിയിച്ച 20കാരിയെ പങ്കാളിയെ കുത്തിക്കൊന്ന് യുവാവ്. യുവാവിന്റെ കത്തിയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആറ് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ഇന്നലെ വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്. യുവതിയെ ആക്രമിച്ച ശേഷം ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു വർഷത്തിലേറെ നീണ്ട ലിവിംഗ് റിലേഷൻഷിപ്പിൽ ഇരുവർക്കുമിടയിൽ തർക്കങ്ങൾ പതിവായിരുന്നു. യുവാവുമായി തർക്കങ്ങൾ പതിവായതിനാൽ ബന്ധം തുടരാൻ ആഗ്രഹിച്ചില്ലെന്നാണ് ചികിത്സയ്ക്കിടെ യുവതി പോലീസിന് മൊഴി നൽകിയിട്ടുള്ളത്. സാദർ ബസാറിലെ ഒരു തുണിക്കടയിലെ ജോലിക്കാരായിരുന്നു ഇവർ.
ഈ മാസം ആറിന് ദില്ലി കന്റോൺമെന്റ് പരിസരത്ത് വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. 20ാം പിറന്നാളിന് രണ്ട് ദിവസങ്ങൾ ശേഷിക്കെയായിരുന്നു യുവാവിന്റെ അക്രമം. ഇരുവരും തമ്മിൽ കിർബിക്ക് സമീപത്ത് വച്ച് തർക്കിക്കുന്നതും യുവാവിനെ മറികടന്ന് മുന്നോട്ട് നീങ്ങിയ 20കാരിയെ അമിത് പിന്നിൽ നിന്ന് കുത്തുന്നതുമടക്കമുള്ള ദൃശ്യങ്ങളിൽ സിസിടിവിയിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ വയറിൽ കുത്തിയാണ് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്. സ്വയം കുത്തി പരിക്കേല്‍പ്പിച്ച യുവാവ് സംഭവ സ്ഥലത്തുവെച്ച് തന്നെ ബോധരഹിതനായിരുന്നു.

