Thursday, January 8, 2026

കോൺഗ്രസിന് യൂത്ത് കോൺഗ്രസിന്റെ വക പണി ! തിരുവനന്തപുരത്തിന് പിന്നാലെ വടകരയിലും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി! ഷാഫിക്കെതിരെ മത്സരിക്കുന്നത് മുന്‍മണ്ഡലം സെക്രട്ടറി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തന്റെ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരത്തിനൊരുങ്ങുന്ന വാർത്തയ്ക്കിടെ വടകരയിൽ നിന്നും മറ്റൊരു വാർത്ത വരികയാണ്. വടകരയില്‍ ഷാഫി പറമ്പിലിനെതിരെ മത്സരിക്കാൻ വിമത സ്ഥാനാര്‍ത്ഥി. നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീമാണ് പത്രിക സമർപ്പിച്ചത്.

തനിക്ക് മേഖലയില്‍ പിന്തുണയുണ്ടെന്നാണ് റഹീം അവകാശപ്പെടുന്നത്. ഡിസിസി പ്രസിഡന്റിന്റെ തെറ്റായ നയങ്ങള്‍ ചോദ്യം ചെയ്തതിനാണ് തന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതെന്ന് റഹീം പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രാഹുല്‍ മാങ്കൂട്ടത്തിലും അടക്കമുള്ളവര്‍ റഹീമുമായി സംസാരിച്ചെങ്കിലും പ്രശ്‌നപരിഹാരമായില്ല. തുടര്‍ന്നാണ് ഇന്ന് പത്രിക നല്‍കാന്‍ തീരുമാനിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം രാത്രി വരെ ഫോണ്‍ വിളിച്ചിട്ടും കോള്‍ എടുത്തില്ലെന്നും റഹീം പറഞ്ഞു.’രണ്ടാം തിയ്യതി രാഹുല്‍ മാങ്കൂട്ടത്തിലുമായി സംസാരിച്ചിരുന്നു. ഇന്നലെ രാത്രിയിലേക്ക് മറുപടി തരാമെന്ന് പറഞ്ഞിരുന്നു.

ഇന്നലെ രാത്രി വരെയും മറുപടിയൊന്നും നല്‍കിയിട്ടില്ല. തുടര്‍ന്ന് രാഹുലിനെ അങ്ങോട്ടേക്ക് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. നീതി കിട്ടുന്നില്ല. നീതി കിട്ടാത്തതിനാല്‍ ഞാന്‍ എന്റെ വഴിക്ക് പോവുകയാണ്. ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമ്പോള്‍ അതിന്റെതായ കാരണമുണ്ടാവും. ഭരണഘടന പ്രകാരമാണ് പുറത്താക്കേണ്ടത്.’ റഹീം പറഞ്ഞു.

Related Articles

Latest Articles