Saturday, December 27, 2025

ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; അഹമ്മദ് ദേവർകോവിലിനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി; പ്രതിഷേധം ശക്തം

കാസർഗോഡ്: ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ (Ahammed DevarKovil) പ്രതിഷേധം ശക്തമാകുന്നു. കാസർഗോഡ് സർക്കാർ ഗസ്റ്റ് ഹൗസ് പരിസരത്ത് യുവമോർച്ച കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ, സംസ്ഥാന വനിതാ കൺവീനർ അഞ്ജു ജോസ്റ്റി, ജില്ലാ ജനറൽ സെക്രട്ടറി കീർത്തൻ ജെ. കൂഡ്‌ലു, കാസർഗോഡ് മണ്ഡലം പ്രസിഡന്റ് അജിത്ത് കുമാരൻ എന്നിവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

എന്നാൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ യുവമോർച്ച സംസ്ഥാന വനിതാ നേതാവിനെ കൈയ്യേറ്റം ചെയ്യാൻ പോലീസും ഐഎൻഎൽ പ്രവർത്തകനും ശ്രമിച്ചത് യുവമോർച്ച പ്രവർത്തകർ ചോദ്യം ചെയ്തു. അതേസമയം കാസർഗോഡ് ജില്ലാ ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക്ക് ദിന ചടങ്ങിൽ ദേശീയപതാക തലകീഴായി ഉയർത്തുകയും സല്യൂട്ട് നൽകുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന മന്ത്രി അഹമ്മദ് ദേവർകോവിൽ രാജി വെക്കുകയും രാജ്യത്തോട് മാപ്പ് പറയുകയും വേണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.

എഡിഎമ്മിന്റെയും ജില്ലാ പോലീസ് മേധാവിയുടെയും സാന്നിധ്യത്തിലാണ് ദേശീയ പതാക തലകീഴായി ഉയർത്തുകയും സല്യൂട്ട് നൽകുകയും ചെയ്തത്. പതാക ഉയർത്തി ഏറെ നേരത്തിന് ശേഷവും തെറ്റ് തിരിച്ചറിയാൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും സാധിച്ചില്ലെന്നത് ഗൗരവകരമായ കാര്യമാണ്. ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കാസർഗോഡ് ജില്ലാ കമ്മിറ്റി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതിയും നൽകി.

അതേസമയം ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പതാക തലകീഴായി ഉയർത്തിയിട്ടും മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവുന്ന കാര്യമല്ല. പതാക തലകീഴായി ഉയർത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ സല്യൂട്ടും ചെയ്തുവെന്നത് ഗൗരവതരമായ കാര്യമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Latest Articles