Tuesday, May 7, 2024
spot_img

സാക്കിർ നായിക്കിനെ സംരക്ഷിക്കുമെന്ന് മലേഷ്യ: അറസ്റ്റ് ചെയ്യില്ലെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങാമെന്ന് സാക്കിർ

ദില്ലി: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ നാടുകടത്താതിരിക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന് മലേഷ്യ. മലേഷ്യൻ പ്രധാനമന്ത്രി മഹതിർ മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്. വർഗീയ പ്രസംഗത്തിന്‍റെ പേരിൽ ദേശീയ അന്വേഷണ ഏജൻസി സാക്കിർ നായിക്കിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് റിപ്പോർട്ട് നൽകിയിരുന്നു.

അതിനിടെ സാക്കിർ നായിക് ഇന്ത്യയിലെത്തുന്നതിന് ഉപാധി വച്ചു. താന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതുവരെ അറസ്റ്റോ ജയില്‍വാസമോ ഉണ്ടാവില്ലെന്ന് സുപ്രീം കോടതിയുടെ ഉറപ്പ് എഴുതി നല്‍കിയാല്‍ മാത്രമേ ഇന്ത്യയിലേക്ക് വരൂ എന്നാണ് സാക്കിർ മുന്നോട്ടുവയ്ച്ച ഉപാധി. വിവാദങ്ങളില്‍ പെട്ടതോടെ ഇന്ത്യ വിട്ട സാകിര്‍ നായിക്, തനിക്ക് ഇന്ത്യയിലെ കോടതികളില്‍ വിശ്വാസമുണ്ടെന്ന് പറയുമ്പോഴൂം പ്രോസിക്യുഷന്‍ സംവിധാനത്തില്‍ തീരെ വിശ്വാസമില്ലെന്നും പറയുന്നു.

തനിക്ക് ഇന്ത്യയിൽ ന്യായമായ വിചാരണ നേരിടാനാവില്ലെന്ന് സാക്കിർ നായിക്ക് പറഞ്ഞത് കണക്കിലെടുത്താണ് മലേഷ്യ സാക്കിർ നായിക്കിനെ നാട് കടത്തേണ്ടതില്ല എന്ന തീരുമാനത്തിലെത്തുന്നത്.

2016ൽ തനിക്കെതിരെ എൻഐഎ കേസ് എടുത്തതിനെ തുടർന്നാണ് സാക്കിർ നായിക്ക് ഇന്ത്യ വിട്ട് മലേഷ്യയിൽ താമസമാക്കിയത്. തുടർന്ന് മലേഷ്യൻ സർക്കാർ ഇയാൾക്ക് സംരക്ഷണം നൽകിയിരുന്നു. എൻഐഎ റിപ്പോർട്ടിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റാണ് സാക്കിർ നായിക്കിനെതിരെ യു എ പി എ ഉപയോഗിച്ച് കേസ് എടുത്തത്. തിരിച്ചറിയാനാകാത്ത നിരവധി സംഘടനകളിൽ നിന്നും സാക്കിർ നായിക്കിന് കോടിക്കണക്കിന് പണം സംഭാവനയായി ലഭിച്ചിരുന്നുവെന്നും ഇ ഡി കണ്ടെത്തിയിരുന്നു.

അതിനിടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് മുംബൈ കോടതിയില്‍ നിന്നും സകീര്‍ നായികിനെതിരെ ജാമ്യമല്ലാ അറസ്റ്റ് വാറണ്ട് നേടാന്‍ ശ്രമം തുടങ്ങി. അറസ്റ്റു വാറണ്ട് കിട്ടിയാൽ സകീര്‍ നായികിനെ പിടികൂടുന്നതിന് ഇന്റര്‍പോളിന്‍റെ സഹായം തേടാം. നിലവില്‍ സകീര്‍ കഴിയുന്ന മലേഷ്യ അടക്കം 193 രാജ്യങ്ങളില്‍ ഇന്റര്‍പോള്‍ സേവനം ഇന്ത്യയ്ക്ക് ലഭിക്കും. ഇതോടെ ഇന്ത്യയുമായുളള കരാര്‍ പ്രകാരം സകിറിനെ ഇന്ത്യയ്ക്ക് മലേഷ്യ വിട്ടുനൽകേണ്ടിവരും.

Related Articles

Latest Articles