മലപ്പുറം:ഓൺ ലൈൻ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്‍റെ പേരിൽ ജീവനൊടുക്കിയ മലപ്പുറം വളാഞ്ചേരി സ്വദേശിനി ദേവികയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്‍റെ നേതൃത്വത്തിലായിരിക്കും അന്വേഷണം ആരംഭിക്കുക. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ജൂൺ രണ്ടിനാണ് മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദേവിക ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. വീടിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്‍റെ മുറ്റത്ത് തീപൊള്ളലേറ്റ നിലയിലാണ് ദേവികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന് വെളിപ്പെടുത്തി ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമം പങ്കുവെച്ചിരുന്നതായി മാതാപിതാക്കളും അറിയിച്ചു. വീട്ടിലെ ടി.വി പ്രവർത്തിക്കാത്തതും സ്മാർട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

