ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം ഇന്ന് രാത്രി ദീപം തെളിയിക്കും. രാത്രി 9 മണി മുതല്‍ 9 മിനിറ്റ് നേരത്തേക്ക് ദീപം തെളിയിക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കൊറോണ വൈറസിനെതിരയെുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി ജനങ്ങളോട് ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.
കൊറോണ എന്ന അന്ധകാരത്തെ നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസമാണ് ആഹ്വാനം ചെയ്തത്. ഈ അന്ധകാരത്തെ പരാജയപ്പെടുത്താന്‍ നാലുവശത്തു നിന്നും പ്രകാശം ചൊരിയേണ്ടതുണ്ട്. ഈ പോരാട്ടത്തില്‍ നമ്മള്‍ ഒറ്റയ്ക്കല്ല. 130 കോടി ജനങ്ങള്‍ ഒരുമിച്ചാണ്. വീടിന് മുന്നിലോ ബാല്‍ക്കണിയിലോ വിളക്ക്, മെഴുകുതിരി, ടോര്‍ച്ച് അല്ലെങ്കില്‍ മൊബൈല്‍ വെളിച്ചം ഉപയോഗിച്ച് പ്രകാശം പരത്തണം.ആരും ഒറ്റയ്ക്കല്ല എന്ന് ആ പ്രകാശത്തിന്റെ കരുത്തില്‍ നമുക്ക് തെളിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതേ സമയം എല്ലാവരും ഒരേസമയം ലൈറ്റുകള്‍ ഓഫാക്കുമ്പോഴുണ്ടാകുന്ന വോള്‍ട്ടേജിലെ വ്യതിയാനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി.

