ദില്ലി : ഷാങ്ഹായ് – ദില്ലി ചരക്ക് വിമാന സര്വീസിന് എയര് ഇന്ത്യ തുടക്കംകുറിച്ചു. അടിയന്തര സാഹചര്യത്തില് ഉപയോഗിക്കുന്നതിനുള്ള മെഡിക്കല് ഉപകരണങ്ങള് ചൈനയില്നിന്ന് എത്തിക്കാനാണിത്.ആദ്യ വിമാനം ശനിയാഴ്ച ഷാങ്ഹായിലേക്ക് പുറപ്പെട്ടുവെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങള് അറിയിച്ചു. ഏപ്രില് നാല്, അഞ്ച്, ഏഴ്, ഒമ്ബത് തീയതികളില് ചരക്ക് വിമാന സര്വീസ് നടത്തുന്നതിനുള്ള പ്രത്യേക അനുമതി ചൈനീസ് അധികൃതരില്നിന്ന് എയര് ഇന്ത്യയ്ക്ക് ലഭിച്ചതായി മാനേജിങ് ഡയറക്ടര് രാജീവ് ബന്സാല് അറിയിച്ചു.മറ്റ് തീയതികളിലും ചരക്ക് വിമാന സര്വീസുകള് നടത്താന് ചൈനയുടെ അനുമതി തേടിയിട്ടുണ്ട്. ഹോങ്കോങ്ങില്നിന്നും ചരക്ക് വിമാന സര്വീസ് തുടങ്ങാനാണ് എയര് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അധികൃതര് അറിയിച്ചു.

